22 November Friday
പട്ടിക തയ്യാറാക്കുന്നു

സ്ഥിരം കുറ്റവാളികളെ പൂട്ടാന്‍ എക്‌സൈസ്‌

സ്വന്തം ലേഖകന്‍Updated: Sunday Aug 11, 2024
 
 
മലപ്പുറം
മയക്കുമരുന്ന് കേസിലെ സ്ഥിരം കുറ്റവാളികളെ കരുതൽ തടവിലാക്കുന്ന എക്സൈസ് നിയമം കർശനമാക്കാനായി ജില്ലയിലെ പ്രതികളുടെ പട്ടിക തയ്യാറാക്കുന്നു. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിലുൾപ്പെട്ടവരെയാണ് പട്ടികയിലുൾപ്പെടുത്തുന്നത്. ഇതിനായി വിവിധ എക്സൈസ് സർക്കിൾ, റെയിഞ്ച് പരിധിയിലെ കുറ്റവാളികളുടെ വിവരങ്ങൾ നൽകാൻ ജില്ലാ ഡെപ്യൂട്ടി കമീഷണർ നിർദേശിച്ചു. സ്ഥിരം കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റിക്ക് സമർപ്പിക്കും. കമ്മിറ്റിയുടെ ശുപാർശയിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതൽ തടവിന് ഉത്തരവിടുക. ഉത്തരവ് ഹൈക്കോടതി ജഡ്‌ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്‌ജസ് കമ്മിറ്റി അംഗീകരിക്കണം.
ലഹരിമരുന്ന് നിരോധന നിയമം സെക്ഷൻ 2 (ഇ) പ്രകാരമാണ്‌ ഒന്നിൽ കൂടുതൽ മയക്കുമരുന്നുകേസിൽ പ്രതികളാകുന്നവരെയും സഹായികളെയും രണ്ടുവർഷംവരെ കരുതൽ തടവിലാക്കുന്നത്‌. മയക്കുമരുന്ന് വ്യാപനത്തിന്റെ വ്യാപ്തി കുറയ്ക്കുകയാണ് ലക്ഷ്യം.

ഓണം സ്‌പെഷ്യൽ ഡ്രൈവ്
ഓണനാളുകളിൽ ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി സ്പെഷ്യൽ ഡ‍്രൈവുമായി എക്സൈസ് വകുപ്പ്. പരിശോധനയും നിരീക്ഷണവും ശക്തമാക്കും. 14ന് ആരംഭിക്കുന്ന പ്രത്യേക ഡ്രൈവ് സെപ്തംബർ മുഴുവൻ നീണ്ടുനിൽക്കും. ഉദ്യോ​ഗസ്ഥർ അവധിയിൽ പ്രവേശിക്കാതെയാണ് നിരീക്ഷണം ശക്തമാക്കുന്നത്. പരിശോധനകൾക്കായി അ‍ധിക സ്ക്വാഡുകൾ രൂപീകരിക്കും. അതിർത്തികളിൽ  പരിശോധന കർശനമാക്കുന്നതിനൊപ്പം പ്രത്യേക ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. കൺട്രോൾ റൂമുകളും തുറക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top