24 November Sunday

അഷികയ്ക്കെല്ലാം നിസ്സാരം 100 കിലോയും പുഷ്പംപോലെ...

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മാൾട്ടയിൽ നടന്ന അന്തർദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അഷികയുടെ പ്രകടനം

തലശേരി
100 കിലോഭാരം  പുഷ്പംപോലെ എടുത്തുയർത്തുന്ന  കാവുംഭാഗത്തെ  അഷിക സന്തോഷിന്റെ പ്രകടനം എന്നും തലശേരിക്കാർക്ക് അത്ഭുതമാണ്.  ഒടുവിൽ മാൾട്ടയിൽ നടന്ന അന്തർദേശീയ  പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ടുവെള്ളിയും അഷിക ലോകചാമ്പ്യനുമായി.  ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച   ഈ മിടുക്കിക്ക് പഠനത്തോടൊപ്പം പവർലിഫ്റ്റിങ്ങും മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹം. 
     ദിവസവും മൂന്നുമണിക്കൂർ കഠിന പരിശീലനത്തിലൂടെയാണ്‌ നേട്ടം. തലശേരി ഇടയിൽ പീടികയിലെ ‘അവെസ്ത’ ആർമി ജിംനേഷ്യത്തിൽ തൃശൂർ സ്വദേശിയായ കിരണിന്റെ കീഴിലാണ്‌ പരിശീലനം.  ഏഷ്യൻ ചാമ്പ്യൻഷിപ്പാണ് അടുത്തലക്ഷ്യം. 2012ൽ തലശേരി സായിയിൽ പരിശീലനം ആരംഭിച്ചതോടെയാണ്‌  കായിക ജീവിതത്തിന്‌ തുടക്കം. ജിംനാസ്‌റ്റിക്‌സിലായിരുന്നു പ്രധാന  ശ്രദ്ധ. 2013 മുതൽ 2017 വരെ സ്കൂൾ ദേശീയ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ വിജയിയായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  എ ഇ സജേഷിന്റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. കാവുംഭാഗത്തെ  കണ്ടഞ്ചാലിൽ സന്തോഷിന്റെയും  ഷബാനയുടെയും മകളാണ്. തലശേരി ബ്രണ്ണൻ കോളേജിലെ സുവോളജി രണ്ടാം വർഷ വിദ്യാർഥിയാണ്. രാജ്യത്തെ 28,000 കുട്ടികൾ മാറ്റുരച്ച തപാൽ സ്റ്റാമ്പ് ഡിസെെൻ  മത്സര വിജയികൂടിയാണ്‌ അഷിക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top