22 December Sunday

ചുഴറ്റിയെറിഞ്ഞ് 
മിന്നൽ ചുഴലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ചുഴലിക്കാറ്റിൽ തലശേരി ജനറൽ ആശുപത്രിയിലെ മേൽക്കൂരയുടെ ഷീറ്റുകൾ പാറിവീീണ് തകർന്നപ്പോൾ

 തലശേരി

മിന്നൽ ചുഴലിയിൽ ഗവ. ജനറൽ ആശുപത്രിയിൽ വ്യാപകനാശം. ശക്തമായ കാറ്റിൽ മേൽക്കൂരയിലെ ആസ്‌ബസ്‌റ്റോസ്‌ ഷീറ്റുകൾ പാറിപ്പോയി. ടിൻഷീറ്റുകളും തകർന്നു.   ചൊവ്വ പകൽ രണ്ടരയോടെയാണ്‌ വൻശബ്ദത്തിൽ കാറ്റുവീശിയടിച്ചത്‌. മഴയും പിന്നാലെ  കാറ്റിന്റെ ശബ്ദവുമുണ്ടായ ഉടൻ ആളുകൾ സുരക്ഷിതസ്ഥലത്തേക്ക്‌ ഓടിക്കയറിയതിനാൽ വൻദുരന്തം ഒഴിവായി. 
കുട്ടികളുടെ വാർഡ്‌, അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ സമുച്ചയം, ബ്ലഡ്‌ ബാങ്ക്‌ എന്നിവയ്‌ക്ക്‌ മുകളിലെ ഷീറ്റുകളാണ്‌ പാറിയത്‌. കാഷ്വാലിറ്റിക്ക്‌ സമീപത്തെ ബോട്ടിൽ ബൂത്തും കാറ്റിൽ നീങ്ങി. അപ്രതീക്ഷിതമായി ചുഴറ്റിയടിച്ച കാറ്റ്‌ ഒരുനിമിഷം കൊണ്ടാണ്‌ കടലിനോട്‌ ചേർന്ന ഭാഗത്തെ പിടിച്ചുലച്ചത്‌. ആശുപത്രിയിലെ മറ്റു ഭാഗങ്ങളെ കാറ്റ്‌  ബാധിച്ചില്ല. ചുഴലി കടൽതീരഭാഗത്ത്‌ കൂടി വീശിയടിച്ച്‌ കടന്നുപോയതായി ദൃക്‌സാക്ഷികർ പറഞ്ഞു. വലിയ ശബ്ദത്തോടെയായതിനാൽ ഭീതിജനകമായ അന്തരീക്ഷമായിരുന്നു. അത്യാഹിത വിഭാഗത്തിലെ വരാന്തയോട്‌ ചേർന്ന ഭാഗത്ത്‌ നിൽകുന്നവരടക്കം ഭയന്ന്‌ ആശുപത്രിക്കുള്ളിലേക്ക്‌ ഓടിക്കയറി. ജവഹർഘട്ടിലും  നാശമുണ്ടായി. നിരവധി മരങ്ങൾ മുറിഞ്ഞുവീണു. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അപകടവിവരമറിഞ്ഞ ഉടൻ ആശുപത്രിയിലെത്തി. സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചന നടത്തി അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്ന്‌ ചെയർമാൻ‌ പറഞ്ഞു.
 
ചാല 
പന്ത്രണ്ട്‌കണ്ടിയിലും നാശം
തോട്ടട
തോട്ടടക്കടുത്ത് ചാല പന്ത്രണ്ട്‌കണ്ടിയിലുണ്ടായ മിന്നൽച്ചുഴലിയിൽ  വ്യാപക നാശം.   തേക്ക്‌ മരംവീണ്‌ കൈരളി കളരിസംഘം ഉടമ കെ വി സുനിൽകുമാറിന്റെ വീട്‌  തകർന്നു. ചാല ദേവീ വിലാസം എൽ പി സ്കൂളിന്റെയും പത്മാലയം കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെയും ഓടുകൾ പറന്നു. കഴുക്കോലുകളും തകർന്നു. തൊട്ടടുത്തപറമ്പിലെ തേക്ക് മരം കാറ്റിൽ പൊട്ടിയടർന്ന്  പത്മാലയത്തിൽ ഉഷയുടെ വീടിന്റെ ജനൽ ചില്ല് തകർത്ത്‌ മുറ്റത്ത് നിർത്തിയിട്ട കാറിന്റെ മുകളിലേക്ക് വീണു. കാറിന്റെ ചില്ലും കണ്ണാടിയും തകർന്നു.  പലയിടത്തും വൈദ്യുതി കമ്പികൾ പൊട്ടി വീണു. യഥാസമയം വൈദ്യുതി ഓഫാക്കിയതിനാൽ അപകടം ഒഴിവായി. റവന്യൂ അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top