തിരുവനന്തപുരം
ബന്ധുക്കൾ ഉപേക്ഷിച്ച 18 പേർക്ക് ആശ്രയമായി ഗാന്ധിഭവൻ
ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്ക് താങ്ങായി സർക്കാരുണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദു. അസുഖം ഭേദമായി ഡിസ്‌ചാർജായശേഷവും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ ആശുപത്രിയിൽ കഴിയുന്നവരെ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിലേക്ക് മാറ്റുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ’ എന്നതാണ് സാമൂഹികനീതിവകുപ്പിന്റെ മുദ്രാവാക്യം. ആരും ഈ ലോകത്ത് ഒറ്റയ്ക്കല്ല എന്ന് ഉറക്കെപ്പറയേണ്ട ബാധ്യത നമുക്കുണ്ട്. ആ കടമയാണ് ഈ പരിപാടിയിലൂടെ സർക്കാരും സമൂഹവും സന്നദ്ധപ്രസ്ഥാനങ്ങളും നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് 12 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ആറുപേരും ഉൾപ്പെടെ 18 പേർക്കാണ് ഗാന്ധിഭവൻ അഭയമൊരുക്കിയത്. ചൊവ്വ പകൽ ഒന്നരയ്ക്ക് ഇവർ ആശുപത്രി വിട്ടു. മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലിനെത്തുടർന്നാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, നാസറുദ്ദീന്‍, ഷാനിഫ, റീന, അഡ്വ. എം കെ സിനുകുമാര്‍, കെ എസ് ഷംനാദ്, ബി ശശികുമാര്‍, ബി മോഹനന്‍, കെ സാബു, സനല്‍കുമാര്‍, എ ആകാശ്, സുമേഷ് കൃഷ്ണ, ജോളി ഫിലിപ്പ്, അനന്തു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..