കാസർകോട്
നഗരത്തിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന കുദ്രോളി അബ്ദുൾ സത്താറിന്റെ ആത്മഹത്യക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത്, ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് സിഐടിയു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ഹോംഗാർഡിനെ സർവീസിൽനിന്നും നീക്കം ചെയ്യണം.
സർക്കാറിന്റെ ജനകീയ പൊലീസ് നയത്തിന് വിപരീതമായി, സേനക്കാകെ കളങ്കമുണ്ടാക്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. മോട്ടോർ വാഹന വകുപ്പിലെയും പൊലീസിലെയും ചിലരുടെ ധിക്കാര നിലപാടിൽ പാവപ്പെട്ട തൊഴിലാളികൾ ഏറെ പ്രയാസത്തിലാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ചുമത്തി വിടാവുന്ന നിയമങ്ങൾ നിലനിൽക്കേ വാഹനങ്ങൾ പിടിച്ച് ദിവസങ്ങളോളം കസ്റ്റഡിയിൽ വയ്‌ക്കുകയാണ്. കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന തൊഴിലാളിയുടെ ജീവൻ അപഹരിക്കുന്ന സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം നൽകി കുടുംബത്തെ സംരക്ഷിക്കണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കത്തപക്ഷം ശക്തമായ സമരത്തിന് സിഐടിയു നേതൃത്വം കൊടുക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാമും പ്രസിഡന്റ് പി മണിമോഹനനും പ്രസ്‌താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..