22 December Sunday

നല്ല നാളെയ്‌ക്കായി ചെറുവത്തൂർ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മാനിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി എം രാജഗോപാലൻ എംഎൽഎ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള എന്നിവരുടെ നേതൃത്വത്തിൽ പതിക്കാൽ പുഴ ശുചീകരിക്കുന്നു

ചെറുവത്തൂർ
ഇനി വരുന്നൊരു തലമുറക്കും ഇവിടെ വാസം സാധ്യമാണെന്ന്‌ മാലിന്യമുക്തം നവകേരളം പദ്ധതിയിലൂടെ ചെറുവത്തൂർ പഞ്ചായത്ത്‌ ഉറപ്പുനൽകുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുദിനം മാലിന്യ മുക്ത നാടിനായി പ്രവർത്തിച്ച്‌ വരികയാണ്‌. 17 വാർഡുകളിലായി 6,800 കുടുംബങ്ങളാണ്‌ പഞ്ചായത്തിലുള്ളത്‌. ഓരോ വീട്ടിലും ഉണ്ടാകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയാണ്‌. 
ക്ലീൻ ബ്യൂട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനകം 3,000 റിങ് കമ്പോസ്‌റ്റുകൾ, 528 സോക്ക്‌ പിറ്റുകൾ, ബയോബിന്നുകൾ എന്നിവ വീടുകളിൽ സ്ഥാപിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശേഷിക്കുന്ന വീടുകൾക്കും ഇവ നൽകും. സംസ്‌കരിക്കാൻ പറ്റാത്തവ ഹരിതകർമ സേനയിലൂടെ സമാഹരിച്ച്‌ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുകയുംചെയ്യുന്നു. പഞ്ചായത്ത്‌ ജീവനക്കാർ, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്‌, ഹരിതകർമ സേന, വിദ്യാർഥികൾ, തൊഴിലുറപ്പ്‌, തൊഴിലാളികൾ, യുവജനങ്ങൾ, ക്ലബ്ബുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ എല്ലാ മാസവും ഓരോ വാർഡിലും ടൗണുകളിലും മാലിന്യ ശുചിത്വ ക്യാമ്പയിനും സംഘടിപ്പിക്കുന്നു. കൂടാതെ ചെറുവത്തൂർ ബസ്‌റ്റാൻഡ്‌, മടക്കര, പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം എന്നിവിടങ്ങളിൽ മാലിന്യ ശേഖരണത്തിനായി ബോട്ടിൽ ബിന്നും സ്ഥാപിച്ചിട്ടുണ്ട്‌. മാലിന്യ ശേഖരണത്തിനും സംസ്‌കരണ യോഗ്യമാക്കി മാറ്റുന്നതിനുമായി കാടങ്കോട്‌ എംസിഎഫ്‌ സ്ഥാപിച്ച്‌ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി. പുലർകാല ക്യാമ്പയിൻ, രാത്രികാല ശുചീകരണം എന്നിവയും നടപ്പിലാക്കി. ടൗണുകൾ സൗന്ദര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബസ്‌സ്‌റ്റാൻഡ്‌ പരിസരം, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൂച്ചെടികളും ഒരുക്കിയിട്ടുണ്ട്‌. നീർത്തടം ശുചീകരിച്ച്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പതിക്കാൽ പുഴ, വപ്പിലമാട്‌ പുഴ എന്നിവയും മറ്റ്‌ ജലശ്രോതസുകളും നിരന്തരം ശുചീകരിച്ച്‌ വരികയാണ്‌. കക്കൂസ്‌ മാലിന്യം ജലാശയങ്ങളിലേക്ക്‌ ഒഴുക്കുന്നവരെ കണ്ടെത്തി പിഴയീടാക്കുകയും ബദൽ സംവിധാനം ഏർപെടുത്താനും ആരോഗ്യ വകുപ്പ്‌ നിറദേശം നൽകി. 
 
അറവുശാലകൾക്കും 
നിയന്ത്രണം
പഞ്ചായത്തിനകത്തെ അറവുശാലകൾക്ക്‌ ലൈസൻസ്‌ ലഭിക്കാൻ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രത്യേക നിയന്ത്രണങ്ങളാണ്‌ നടപ്പാക്കിയത്‌. കടകളിൽ വരുന്ന അറവ്‌ മാലിന്യങ്ങൾ തോന്നിയത്‌ പോലെ നിക്ഷേപിക്കാൻ പാടില്ല. മാലിന്യങ്ങൾ സ്‌റ്റാൻഡേഡ്‌ ഗ്രീൻ എനർജി കമ്പനിക്ക്‌ കൈമാറണം. ഇതിനായി കമ്പനിയുമായി ധാരണയും ഉണ്ടാക്കിയിട്ടുണ്ട്‌. കമ്പനിക്ക്‌ നൽകുമെന്ന്‌ ഉറപ്പ്‌ നൽകുന്ന കടകൾക്ക്‌ മാത്രമേ ലൈസൻസ്‌ നൽകൂ എന്ന നിർദേശവും നൽകിയിട്ടുണ്ട്‌. 
 
വലിച്ചെറിഞ്ഞാൽ കർശന നടപടി
മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ കർശന നടപടിയാണ്‌ സ്വീകരിക്കുന്നത്‌. മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന്‌ ജില്ലയിൽ ഏറ്റവും കൂടുതൽ പിഴയീടാക്കിയത്‌ ചെറുവത്തൂർ പഞ്ചായത്താണ്‌. 
4,41,500 രൂപയാണ്‌ പിഴ ഈടാക്കിയത്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top