കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ സർജൻ ഡോ. പി വിനോദ് കുമാറിനെതിരെ ചിലർ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാഞ്ഞങ്ങാട് ഘടകം പ്രതിഷേധിച്ചു. ഏതൊരു ശസ്ത്രക്രിയയുടെയും ഭാഗമായി സ്വാഭാവികമായി ചിലപ്പോൾ സംഭവിക്കുന്ന സങ്കീർണതകളെ പെരുപ്പിച്ചുകാണിച്ച് ഡോക്ടർമാരെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. യഥാസമയം ഇടപെട്ട് രോഗിക്ക് എല്ലാവിധ ചികിത്സാ സഹായവും ഒരുക്കി. കാര്യമായ ആരോഗ്യപ്രശ്നവുമില്ലാതെ ഏറ്റവും അടുത്ത ചികിത്സാ കേന്ദ്രത്തിൽ ചികിത്സിക്കുകയും ആരോഗ്യവാനായി കുട്ടിയുടെ ചികിത്സ പൂർത്തിയാക്കുകയുംചെയ്‌തു.
ഏതൊരു ചികിത്സക്കും അപകട സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് രോഗിയും ബന്ധുക്കളും ശസ്‌ത്രക്രിയക്ക് സമ്മതപത്രം നൽകുന്നതും. ഡോക്ടറുടെ നിയന്ത്രണത്തിലല്ലാതെ ആകസ്മികമായി സംഭവിക്കുന്ന സങ്കീർണതകളെ യഥാസമയം ചികിത്സിക്കുകയെന്നതാണ് വൈദ്യശാസ്ത്ര വിഭാഗം എവിടെയും എടുക്കുന്ന നടപടി. ആയിരക്കണത്തിന് ശസ്‌ത്രക്രിയ കഴിഞ്ഞ 25 വർഷത്തിലധികമായി പരിമിതമായ സൗകര്യമുപയോഗിച്ച് ചെയ്തു വരുന്ന ജില്ലാ ആശുപത്രിയെയും ഡോക്ടർമാരെയും കടന്നാക്രമണത്തിനെതിരെ ഐഎംഎ പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് ഡോ. വി സുരേശൻ അധ്യക്ഷനായി. സെക്രട്ടറി ഡോ. ജോൺ കെ ജോൺ, ഡോ. ദീപിക കിഷോർ, ഡോ. ടി വി പത്മനാഭൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..