കാസർകോട്
നഗരത്തിൽനിന്നും സന്ധ്യ കഴിഞ്ഞാൽ ബസ് കിട്ടാനില്ലെന്ന പരാതി തുടരുന്നു. ദേശീയപാത, മംഗളൂരു അടക്കമുള്ള റൂട്ടുകളിൽ വൈകിട്ട് ഏഴ് കഴിഞ്ഞാൽ യാത്ര സ്‌തംഭിക്കും.
ദേശീയപാത റൂട്ടുകളിലാണ് ഏറെയും യാത്രാക്ലേശം. കോവിഡ് കാലത്ത് റദ്ദാക്കിയ കെഎസ്‌ആർടിസി, സ്വകാര്യ റൂട്ടുകൾ പലതും തിരിച്ചുവന്നില്ല. കാസർകോട് നഗരത്തെ രാത്രിയിലും സജീവമാക്കാൻ ബസ് സമയം പരിഷ്കരിക്കണമെന്ന് ജനപ്രതിനിധികൾ എല്ലാ ഘട്ടത്തിലും ആവശ്യമുയർത്തി. ഇതുസംബന്ധിച്ച് ബുധനാഴ്‌ച കലക്ടറേറ്റിൽ ബസുടമകളുമായും കലക്ടർ ചർച്ച വച്ചിരുന്നു. രാത്രിയിൽ യാത്രക്കാർ ഇല്ലാത്തതാണ് റൂട്ട് റദ്ദാകാൻ കാരണമെന്നാണ് ബസുടമകൾ പറയുന്നത്.
മംഗളൂരു ഭാഗത്തേക്കുള്ള കേരള-, കർണാടക കെഎസ്ആർടിസി ബസുകൾ സന്ധ്യ കഴിഞ്ഞാൽ അരമണിക്കൂറിൽ ഒന്നെന്ന നിലയിലാണ് ഓടുന്നത്. ഈ ബസ്സുകൾ ഡിപ്പോയിൽ നിന്ന് തന്നെ കുത്തിനിറച്ച് യാത്രക്കാരെയും കൊണ്ട് നേരെ പുതിയ ബസ്‌സ്‌റ്റാൻഡിൽ വരാതെ മംഗളൂരു ഭാഗത്തേക്കാണ് പോകുന്നത്. ഇത് പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാരെ വലക്കുകയാണ്. രാത്രി ഒമ്പതരക്കാണ് ഈ റൂട്ടിൽ അവസാന ബസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..