23 December Monday

വലിയപറമ്പ പഞ്ചായത്തിന്‌ അന്താരാഷ്ട്ര അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

വലിയപറമ്പ് പഞ്ചായത്തിൽ മാടക്കാൽ കായലിൽ ജൂൺ രണ്ടിന്‌ പരിസ്ഥിതി ദിനത്തിൽ കണ്ടൽ നടാനെത്തിയ പരിസ്ഥിതി പ്രവർത്തകർ (ഫയൽ ചിത്രം)

കാസർകോട്‌
ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുൻനിർത്തി വലിയപറമ്പ പഞ്ചായത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. 14 മുതൽ 18 വരെ ഫിലിപ്പൈൻസിലെ മനിലയിൽ നടക്കുന്ന ഏഷ്യാ പസഫിക് മിനിസ്റ്റീരിയൽ കോൺഫറൻസിൽ പഞ്ചായത്ത് പ്രസിഡന്റ്  വി വി സജീവൻ പുരസ്‌കാരം എറ്റുവാങ്ങും.
പ്രാദേശികതലത്തിൽ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നവരെ കണ്ടെത്താൻ നടത്തിയ മത്സരത്തിലാണ് വലിയപറമ്പ ജേതാക്കളായത്‌. പഞ്ചായത്തിൽ  വികസന ക്ഷേമ പ്രവർത്തനങ്ങളിൽ വഹിക്കുന്ന നേതൃപരമായ പങ്കിനുള്ള അംഗീകാരമായി പ്രസിഡന്റ്‌ വി വി സജീവന് ദുരന്ത നിവാരണ വിഭാഗങ്ങളിലെ ലോക്കൽ ചാമ്പ്യൻ പട്ടം നൽകി ആദരിക്കും. ജില്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ മുൻ ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ദുരന്ത നിവാരണ പ്ലാൻ കോഡിനേറ്റർ അഹമ്മദ് ഷഫീക് എന്നിവരാണ്  മത്സരത്തിലേക്ക് വി വി സജീവന്റെ   പേര് നാമനിർദ്ദേശം ചെയ്തത്.
കടലിനും കായലിനും ഇടയിലുള്ള വലിയപറമ്പ പഞ്ചായത്ത്‌  അതിജീവനത്തിനായി ഒരേ മനസ്സോടെ, സുസ്ഥിരതയിൽ ഊന്നി നടപ്പിലാക്കിയ പ്രവർത്തനങ്ങളാണ്  ജൂറി പരിഗണിച്ചത്.  തീരശോഷണം തടയുന്നതിനായി സ്വന്തം നഴ്‌സറിയിൽ തയ്യാറാക്കിയ 75000 കാറ്റാടി തൈകൾ കടൽത്തീര മേഖലയിൽ നട്ടു. കേരളത്തിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് 24 കി. മീറ്റർ ദൈർഘ്യമുള്ള കടലോരത്ത്  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൺതിട്ടയുണ്ടാക്കി അതിൽ കയർ  ഭൂവസ്ത്രം വിരിച്ച്‌ ഹരിതകവചം ഒരുക്കിയത്‌.  തീരശോഷണത്തിന് പ്രതിരോധം തീർക്കാനും ഒപ്പം പഞ്ചായത്ത്‌ നിവാസികളായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 തൊഴിൽ ദിനവും അതുവഴി വരുമാനം വർധിപ്പിക്കുവാനും  പദ്ധതിയിലൂടെ കഴിഞ്ഞു.
കണ്ടൽക്കാടുകളെക്കുറിച്ച്  പഠിക്കാനെത്തുന്ന വിദ്യാർഥികളെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കാൻ  പദ്ധതിയിലൂടെ സാധിച്ചു. യുനെസ്‌കോ നടപ്പിലാക്കുന്ന സുനാമി റെഡി  പദ്ധതിയിലേക്കും വലിയപറമ്പിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 
മനിലയിലെ ഫിലിപ്പൈൻസ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ 14 ന് വി വി സജീവൻ ആദരവ് എറ്റുവാങ്ങും. ഫിലിപ്പൈൻസിലെ മരിയ ഫെ മാരവില്ലാസ്, സെനിത്ത് ബല്ലേർട്ട, ഇൻഡോനേഷ്യയിലെ യുസ്റ്റീന വാർഡാനി എന്നിവർക്കും അംഗീകാരമുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top