23 December Monday

കണ്ണൂർ വിമാനത്താവളത്തിന്‌ പോയിന്റ്‌ ഓഫ്‌ കോൾ 
പദവി അനുവദിക്കണം: എം വി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
--കണ്ണൂർ
മെട്രോ നഗരങ്ങൾക്കേ വിദേശ വിമാനക്കമ്പനികളുടെ സർവീസ് അനുവദിക്കാൻ കഴിയൂവെന്ന  കേന്ദ്രസർക്കാർ നിലപാടി തിരുത്തി  കണ്ണൂർ വിമാനത്താവളത്തിന്‌  പോയിന്റ്‌ ഓഫ് കോൾ പദവി അനുവദിക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് 2024 മാർച്ച് 20ന് കേന്ദ്ര സർക്കാരിന് നൽകിയ കത്തിന്‌ ആറ്‌ മാസത്തിനുശേഷം നൽകിയ  മറുപടിയിൽ  മെട്രോ നഗരങ്ങൾക്കേ വിദേശ വിമാനക്കമ്പനികളുടെ സർവീസിനുള്ള പോയിന്റ്‌ ഓഫ് കോൾ പദവി അനുവദിക്കാനാവൂ എന്നാണ്‌ അറിയിച്ചത്‌.  
സംസ്ഥാന സർക്കാരും എംപിമാരും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാരിന്റെ നിഷേധനിലപാടിൽ   വിമാനത്താവളം വികസനം മുരടിക്കുകയാണ്.
  കോവിഡ് കാലത്തും ഹജ്ജ് തീർഥാടക യാത്രാസമയത്തും വിദേശ വിമാനക്കമ്പനികൾ അടക്കമുള്ള വൈഡ്‌ ബോഡി വിമാനങ്ങൾ കണ്ണൂരിലിറങ്ങി. രാജ്യത്തെ 10  പ്രധാന വിമാനത്താവളങ്ങളിലൊന്നാണ് കണ്ണൂർ. മെട്രോ നഗരമല്ലാത്ത ഗോവയിലെ മോപ്പയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും അന്തമാനിലെ പോർട്ട് ബ്ലെയറിലും സമീപകാലത്താണ് പോയിന്റ്‌ ഓഫ്‌ കോൾ പദവി അനുവദിച്ചത്. 
35 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ്‌  ഗോവയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് പോയിന്റ്‌ ഓഫ് കോൾ നൽകിയത്.  വിദേശ വിമാനക്കമ്പനികൾക്ക് സർവീസ്‌ അനുവദിച്ചാൽ യാത്രക്കാർ വർധിക്കും. നിരക്ക് കുറക്കാനും കഴിയും.  കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെയും കുടക് മേഖലയിലെയും കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെയും പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് പ്രയോജനകരമാണ് കണ്ണൂർ വിമാനത്താവളം. 
ഹജ്ജ് തീർഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായി സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുമുണ്ട്. ഹജ്ജ്‌  തീർഥാടകരിൽ 30 ശതമാനവും കണ്ണൂരിൽനിന്നാണ് യാത്രതിരിക്കുന്നത്. കാർഗോ സൗകര്യവുമുണ്ട്‌.  പശ്ചാത്തല സൗകര്യമേറെയുള്ള വിമാനത്താവളത്തിന് ഉടൻ  പോയിന്റ്‌ ഓഫ് കോൾ പദവി അനുവദിക്കണമെന്നും  കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സിപിഐ എം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top