ആലപ്പുഴ
‘രാവിലെ പാസഞ്ചറിൽ ആലപ്പുഴയിൽനിന്ന് യാത്രതിരിച്ചാൽ എറണാകുളത്ത് എത്തുമ്പോഴേക്കും വയ്യാതാകും. ആലപ്പുഴയിൽനിന്ന് തിരക്കുതുടങ്ങും. പിന്നീടങ്ങോട്ട് ഓരോ സ്‌റ്റേഷൻ കഴിയുമ്പോഴും ദുരിതയാത്ര. വാഗൺട്രാജഡി പോലെയാണ് പോക്ക്. തലകറങ്ങിയാലും ശാരീരിക അസ്വസ്ഥത തോന്നിയാലും വീഴില്ല എന്നതാണ് സമാധാനം. വീഴാൻ മിനിമം സ്ഥലംവേണ്ടേ –- ദിവസവും രാവിലെയുള്ള ആലപ്പുഴ–-എറണാകുളം പാസഞ്ചറിലെ യാത്രയെക്കുറിച്ച് റെയിൽവേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാറിന്റെ വാക്കുകൾ. നിരന്തരം പരാതി ഉന്നയിച്ചിട്ടും പരിഹാരമാകാതെ വന്നതോടെ തീരദേശ റെയിൽപ്പാതയിൽ സ്ഥിരംയാത്രക്കാരുടെ ദുരിതവും റെയിൽപ്പാത പോലെ നീളുന്നു.
ജില്ലയിൽനിന്ന് നിരവധി പേരാണ് നിത്യവും ജോലിക്കും പഠനത്തിനുമായി രാവിലെയും വൈകിട്ടും തീരദേശപാതിയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നത്. കാലുകുത്താൻ ഇടമില്ലാത്ത യാത്ര. ദേശീയപാത നിർമാണം നടക്കുന്നതിനാൽ കൂടുതൽ പേരും ട്രെയിനുകളെ ആശ്രയിക്കുന്നു. യാത്രാദുരിതം പലകുറി വിവരിച്ചിട്ടും അനക്കമില്ലാതെ നിൽക്കുകയാണ് റെയിൽവേ അധികൃതർ.
ആറിന് പുറപ്പെടുന്ന ധൻബാദ് എക്‌സ്‌പ്രസാണ് യാത്രക്കാരുടെ ആദ്യ ആശ്രയം. ഇതിൽ ആകെ രണ്ടുമുതൽ മൂന്ന് ജനറൽ കോച്ചുകളാണുള്ളത്. ആലപ്പുഴ സ്‌റ്റേഷനിൽനിന്ന് നിറയും. പിന്നീട് തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 3.45ന് പുറപ്പെട്ട് 6.18ന് ആലപ്പുഴയിലെത്തുന്ന ഏറനാട് എക്‌സ്‌പ്രസ്. ഹരിപ്പാടുമുതൽ ഇതിലും ആളുകൾ നിറയും. എറണാകുളത്തിനിടയിൽ ചേർത്തലയിലും തുറവൂരും മാത്രമാണ് സ്‌റ്റോപ്പ്. അതിനാൽ മറ്റ് സ്‌റ്റേഷനുകളിലുള്ളവർക്ക് ഏറനാടിനെ ആശ്രയിക്കാനാകില്ല. പിന്നീടാണ് 7.25ന് പുറപ്പെട്ട് 8.40ന് എറണാകുളം സൗത്തിലെത്തുന്ന മെമു. കൂടുതൽ പേർ ആശ്രയിക്കുന്ന ഇതിൽ നരകയാത്രയാണ്. 16 ബോഗിയുള്ള മെമുവാണ് ആലപ്പുഴയ്‌ക്ക് അനുവദിച്ചിരുന്നത്. ഓടുന്നത് 12 ബോഗി. പിന്നെയുള്ളത് 8.15ന്റെ ജനശതാബ്‌ദിയാണ്.
തിരിച്ചും
ദുരിതയാത്ര
ആലപ്പുഴയിൽനിന്ന് എറണാകളത്തേക്ക് മാത്രമല്ല, വൈകിട്ട് തിരിച്ചുള്ള യാത്രയും ഭിന്നമല്ല. ആദ്യവണ്ടിയായ എറണാകുളം-–-ആലപ്പുഴ പാസഞ്ചർ വൈകിട്ട് നാലിനായതിനാൽ വലിയ തിരക്കില്ലാതെ പോകും. 4.20ന് ഏറനാട് എക്‌സ്‌പ്രസ്. 6.25ന് എറണാകുളം–-കായംകുളം പാസഞ്ചറാണ്. ആറിന് പുറപ്പെട്ടിരുന്ന വണ്ടി വന്ദേഭാരതിന് കടന്നുപോകാൻ 30 മിനിറ്റോളം കുമ്പളത്ത് പിടിച്ചിട്ടിരുന്നു. പിന്നീട് യാത്രക്കാർക്ക് സഹായകമാകുമെന്ന ഉറപ്പിൽ ട്രെയിൻ സമയം 6.25ന് ആക്കി. ദിവസവും വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിലെ യാത്രക്കാർ. എന്നാൽ ഇപ്പോഴും വന്ദേഭാരത് കടന്നുപോകാനായി അഞ്ചുമുതൽ 10 മിനിറ്റുവരെ കുമ്പളം, തുറവൂർ സ്‌റ്റേഷനുകളിൽ പിടിച്ചിടും. 8.20ന് കായംകുളത്ത് എത്തിയിരുന്ന വണ്ടി ഇപ്പോൾ എത്തുന്നത് രാത്രി 9.30ന്. അർബുദ ചികിത്സയ്‌ക്കടക്കം ആശുപത്രികളിൽ പോകുന്നവർക്കും ആശ്രയം ട്രെയിനുകളാണ്. മെമുവിൽ എട്ട് കോച്ചാണുള്ളത്. മൂന്ന് മെമുവിൽ യാത്ര ചെയ്യാനുള്ള ആളുകൾ തിക്കിത്തിരക്കി ഇതിലുണ്ടാകും. വാതിലിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചാണ് സ്‌ത്രീകൾ അടക്കമുള്ളവരുടെ യാത്ര.
തെക്കോട്ട് വണ്ടിയില്ല; നടുവൊടിഞ്ഞ് യാത്രക്കാർ
എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് ട്രെയിൻ മാർഗം എത്താൻ ഏറ്റവും എളുപ്പം തീരദേശപാതയാണ്. എന്നാൽ രാവിലെ 6.35ന് തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് ആലപ്പുഴ വിട്ടുകഴിഞ്ഞാൽ പിന്നീടുള്ളത് 12.40ന് വന്ദേഭാരത്. തുടർന്ന് പകൽ 3.35ന് നേത്രാവതി എക്‌സ്‌പ്രസ്. യാത്രക്കാർ ഏറെയുണ്ടായിട്ടും പകൽസമയത്തെ വണ്ടികളുടെ കുറവ് സാധരണക്കാരെ വല്ലാതെ വലയ്‌ക്കുന്നു. കോട്ടയം വഴി ദിവസവും പകൽ ഏഴോളം ട്രെയിനുകൾ ഉള്ളപ്പോഴാണ് തീരദേശപാതയോടുള്ള അവഗണന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..