26 December Thursday
പിന്നിൽ തിരുവനന്തപുരം എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികൾ

ആശുപത്രികളിൽ 
ഇ–- ട്രോളിയെത്തും

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ഗാന്ധിയൻ യങ്‌ ടെക്നോളജിക്കൽ ഇന്നൊവേഷൻ അവാർഡ് ഡോ. രേണു സ്വരൂപിൽനിന്ന്‌ എ അർജുനും ടീമംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങുന്നു

വെഞ്ഞാറമൂട്
ആശുപത്രികളിൽ രോഗികളുടെ സഹായത്തിന്‌ ഇ–- ട്രോളിയെത്തുന്നു. തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിലെ വിദ്യാർഥികളുടെ കണ്ടുപിടുത്തതിന് കേന്ദ്ര ശാസ്‌ത്ര സാങ്കേതികവകുപ്പിന്റെ ഗാന്ധിയൻ യങ്‌ ടെക്‌നോളജി ഇന്നൊവേഷൻ അവാർഡ്‌ നേടി.
 സിംഗപ്പൂരിലെ വോയ്‌സ് ടെക്‌നോളജി കമ്പനി കേരളത്തിൽ ആരംഭിക്കുന്ന കൊയാസിസ് കമ്പനിക്ക് ഇതിന്റെ സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ട്.  ഉടൻ വിപണിയിലെത്തും. 
മെക്കാനിക്കൽ വിദ്യാർഥികളായിരുന്ന എ അർജുൻ, സി ജയകൃഷ്‌ണൻ, ഗൗതം സായ്കൃഷ്‌ണ, അപർണ ഗോവിന്ദ്, അവസാനവർഷ വിദ്യാർഥി ആയുഷ് അരുൺ എന്നിവരടങ്ങിയ ടീമാണ്‌ അഡാപ്റ്റീവ് ട്രോളി ഇ-–- ഡ്രൈവ് എന്ന ഉപകരണത്തിന്‌ പിന്നിൽ. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് നിർമാണം. 
ട്രോളിയുടെ പിന്നിൽ മൂന്ന് ചക്രങ്ങളുള്ള ഇ–- ട്രോളി ഘടിപ്പിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ–- ട്രോളിയിൽ മോട്ടോർ സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും പിന്നിലേക്കെടുക്കാനും സ്വിച്ചുണ്ട്. 
ഓൺ ചെയ്യുമ്പോൾ ട്രോളിയും നീങ്ങും. വേഗത കൂട്ടാൻ സ്‌കൂട്ടറിനു സമാനമായി ആക്‌സിലേറ്ററുണ്ട്‌. വീലിന്റെ ഉള്ളിലെ കൺട്രോളർ വേഗത നിയന്ത്രിക്കും. 250 കിലോവരെ നീക്കാനാവും. ഉപകരണത്തിലെ ഒരുമീറ്റർ ഉയരമുള്ള തൂണിൽ രോഗിയുടെ ഐവി ലൈൻ തൂക്കിയിടാം.
 മണിക്കൂറിൽ എട്ടുകിലോമീറ്റർ വേഗത കിട്ടും.   സുരക്ഷയ്ക്കായി  മണിക്കൂറിൽ മൂന്നു കിലോമീറ്റർ വേഗതയായി സെറ്റ്ചെയ്‌തിട്ടുണ്ട്‌. എസ്‌എടിയിലെ പരീക്ഷണവും വിജയമായിരുന്നു. 
അധ്യാപകരായ അനീഷ് കെ ജോൺ, രാജീവ് രാജൻ, ദിനേശ് ഗോപിനാഥ്, പി ശ്രീകാന്ത് എന്നിവരുടെ സഹായവും കണ്ടുപിടുത്തതിന് പിന്നിലുണ്ട്. 
ഡൽഹിയിൽ നടന്ന ചടങ്ങിൽ യങ്‌ ടെക്‌നോളജിക്കൽ ഇന്നൊവേഷൻ അവാർഡ് രേണുസ്വരൂപിൽനിന്ന്‌ സംഘം ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top