ചിറയിൻകീഴ്
ആറ്റിങ്ങൽ ബൈപാസിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് വേഗതയേറി. നിരപ്പായ ഭാഗങ്ങൾ വേഗം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ദേശീയപാതയിൽ കല്ലമ്പലത്തിനുസമീപം ആഴാംകോണത്തുനിന്ന് മുതൽ മാമംവരെയുള്ള 11.150 കിലോമീറ്ററാണ് ബൈപാസ്.
ദേശീയപാതയ്ക്കൊപ്പം ഇരുവശങ്ങളിലും സർവീസ് റോഡുകളും നിർമിക്കുന്നുണ്ട്. 2022 ജൂലായ് മാസത്തിലാണ് നിർമാണം തുടങ്ങിയത്. ആർഡിഎസ് കമ്പനിക്കാണ് നിർമാണ കരാർ. മഴ മാറുന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൈവരും. സർവീസ് റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് അടിപ്പാതകളുടെ നിർമാണവും പുരോഗമിക്കുന്നു.
പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ആറ്റിങ്ങൽ– -ചിറയിൻകീഴ് റോഡിലെ രാമച്ചംവിളയിൽനിന്ന് മാമത്തേക്കുള്ള ഒരു കിലോമീറ്ററോളം ഭാഗം നിർമാണം പൂർത്തിയായി. ടാറിങ് പൂർത്തിയാക്കി ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ റോഡ് തുറക്കുന്നതോടെ ആഴാംകോണംമുതൽ മാമംവരെയുള്ള നിലവിലെ ദേശീയപാത സംസ്ഥാനപാതയായി മാറും.
ദേശീയപാതയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽനിന്ന് പഴയറോഡിന്റെ ഭാഗം സ്വതന്ത്രമാകുന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ ഗുണം ചെയ്യും. ഗതാഗതത്തിരക്ക് കുറയുന്നതോടെ പാർക്കിങ് ഉൾപ്പെടെ നഗരം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..