22 December Sunday

ഹാരിസൺസ് പ്ലാന്റേഷനിൽ 8.33ശതമാനം ബോണസ്

സ്വന്തം ലേഖകൻUpdated: Thursday Sep 12, 2024

 കൊല്ലം

സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റേഷനുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ 2023–--24വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം പരിഹരിച്ചു. തീരുമാന പ്രകാരം 8.33ശതമാനം തുക ബോണസായും 0.77ശതമാനം തുക എക്സ്ഗ്രേഷ്യയായും തൊഴിലാളികൾക്ക് വ്യാഴാഴ്‌ച ലഭിക്കും. സ്വകാര്യമേഖലയിലുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷനാണ് ഹാരിസൺ മലയാളം. ഒമ്പത് ജില്ലകളിലായി 7600തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്‌. കഴിഞ്ഞ 20വർഷമായി ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ബോണസ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനെതിരെ സംസ്ഥാനത്തെ എല്ലാ യൂണിയനുകളും നടത്തിയ ഇടപെടലിന്റെയും യൂണിയനുകളുമായി കൂടി ആലോചിച്ച് ബോണസ് വർധിപ്പിച്ചു നൽകണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെയും നിലപാടിന്റെ ഭാഗമായാണ് മാനേജ്മെന്റ്‌ കൂടിയാലോചനയ്ക്ക് തയ്യാറാകുകയും നിലവിലെ 8.33ശതമാനം എന്നത് 9.01ശതമാനമായി ഉയർത്താനും കഴിഞ്ഞത്.
അഡീഷണൽ ലേബർ കമീഷണർ (ഐആർ)കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമീഷണറുടെ കാര്യാലയത്തിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) കെ എസ് സിന്ധു, തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ വാഴൂർ സോമൻ എംഎൽഎ, മുൻ എംഎൽഎമാരായ കെ കെ ജയചന്ദ്രൻ, പി ജെ ജോയി, തൊഴിലാളി നേതാക്കളായ എസ് ജയമോഹൻ (സിഐടിയു), ആർ ചന്ദ്രശേഖരൻ (ഐഎൻടിയുസി), മാഹിൻ അബൂബക്കർ (എസ്‌ടിയു)തുടങ്ങിയവരും തൊഴിലുടമയെ പ്രതിനിധീകരിച്ച്‌ ബിജു പണിക്കർ, വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top