കൊല്ലം
മത്സ്യസമ്പത്ത് നശിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനത്തിനും പ്രതിസന്ധി സൃഷ്ടിച്ച് നിരോധിതവലയും ലൈറ്റും ഉപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകം. കൊല്ലം തീരക്കടലിലും ആഴക്കടലിലുമാണ് തീവ്രതയേറിയ എൽഇഡി വെളിച്ചം ഉപയോഗിച്ചുള്ള റിങ്‌സിൻ വള്ളങ്ങളുടെയും യന്ത്രവൽക്കൃത ബോട്ടുകളുടെയും മീൻപിടിത്തം. ശക്തികുളങ്ങര, നീണ്ടകര, കുളച്ചൽ ഭാഗങ്ങളിൽനിന്നുള്ള വലിയ യന്ത്രവൽക്കൃത ബോട്ടുകളാണ് ഇതിനു പിന്നിൽ. രണ്ടു ബോട്ട് ചേർന്ന് അടിത്തട്ട് മുതൽ മേൽത്തട്ട് വരെ വല വലിക്കുന്നതിനാൽ (പെയർ ട്രോളിങ്) മീനുകൾ കൂട്ടത്തോടെ അകപ്പെടുന്നു. ഗുജറാത്തി വലയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് കൊല്ലം തീരത്ത് മീൻലഭ്യത കുറയുന്നതിനു കാരണമാകുന്നു.
വാടി, തങ്കശേരി കേന്ദ്രീകരിച്ച് ചെറുവള്ളങ്ങളിൽ മീൻപിടിക്കുന്ന പരമ്പരാഗത തൊഴിലാളികളാണ് ദുരിതത്തിലായത്. താട, പരവ, കണവ തുടങ്ങിയ മീനുകളാണ് ഇവർക്കു ലഭിച്ചിരുന്നത്. എന്നാൽ, നിരോധിത മീൻപിടിത്തം കാരണം ഇവയെ ഇപ്പോൾ കാണാനില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിലൊരു ശതമാനംപോലും മീൻ കിട്ടുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.പെയർട്രോളിങ്ങിലൂടെ കോടികളുടെ മത്സ്യസമ്പത്താണ് നശിക്കുന്നത്. എല്ലാത്തരം മീനുകളും ഇത്തരം വലയിൽ കുടുങ്ങുന്നുണ്ട്. നിശ്ചിതവലിപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കരുതെന്ന നിയമവും ലംഘിക്കപ്പെടുന്നു. രാത്രി ആറുമുതൽ പുലർച്ചെ നാലുവരെയാണ് പ്രകാശമേറിയ ലൈറ്റ് ഉപയോഗിച്ചുള്ള മീൻപിടിത്തം. 12 വോൾട്ടിനു മുകളിലുള്ള എൽഇഡി ബൾബുകളാണ് ഉപയോഗിക്കുന്നത്. കടുത്ത പ്രകാശത്തിൽ ആകൃഷ്ടരായി മൂന്നുകിലോമീറ്റർ അകലെയുള്ള മീനുകൾവരെ കൂട്ടത്തോടെ അടിത്തട്ടിൽനിന്നു മുകളിലെത്തി വലയിൽ അകപ്പെടും. പ്രജനനത്തിന് പാറക്കൂട്ടത്തിൽ എത്തുന്ന വലിയ മീനുകളും പിടിയിലാകും.
മത്സ്യസമ്പത്ത് അതിവേഗം നശിക്കുന്നതിനാൽ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ ഇത്തരം മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 50,000 മുതൽ രണ്ടരലക്ഷം രൂപവരെ പിഴ ഈടാക്കും. മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും കടലിൽ പരിശോധന നടത്തുന്നുണ്ടെങ്കിലും രണ്ടും മൂന്നും എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾ അതിവേഗം കടന്നുപോകുന്നതിനാൽ പിടികൂടാനാകുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..