തലശേരി
കോടിയേരി പാറാലിൽ സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കി 86ാം ദിവസം കുറ്റപത്രം നൽകി ന്യൂമാഹി പൊലീസ്. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവരെ ആക്രമിച്ച കേസിൽ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ആർഎസ്‌എസ്–-ബിജെപിക്കാരായ 11 പേർ പ്രതികളായ കേസിൽ 2000 പേജുള്ള കുറ്റപത്രമാണ് നൽകിയത്. ജൂൺ 12ന് രാത്രി പാറാൽ ബസ് സ്‌റ്റോപ്പിനടുത്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണം.
11 പ്രതികളിൽ നാലുപേർ ഒളിവിലാണ്. മാഹി ചെമ്പ്രയിലെ ഏഴിലരശൻ എന്ന സനീഷ് (35), ചെമ്പ്രയിലെ ടി പി അമൽ രാജ് എന്ന അച്ചു (27), കാപ്പ കേസ് പ്രതി ധർമടം മേലൂർ പാളയത്തിൽ ഹൗസിൽ പി ധനരാജ് (36), ചെമ്പ്രയിലെ വി ആകാശ് എന്ന അത്തു (25), പള്ളൂർ കുഞ്ഞിപ്പുരമുക്കിലെ കുനിയിൽ തീർഥത്തിൽ ചോട്ടു എന്ന ശരത്ത് സുരേന്ദ്രൻ (32), ന്യൂമാഹി പുന്നോൽ കുറിച്ചിയിലെ പുത്തൻവീട്ടിൽ എം പി വിജീഷ് (32), യുവമോർച്ച ജില്ലാ ജോ. സെക്രട്ടറി ചൊക്ലി അണിയാരത്തെ വി കെ സ്‌മിതേഷ് (39) എന്നിവരാണ് അറസ്‌റ്റിലായവർ.
ചെമ്പ്രയിലെ ഇ പി സനീഷ് (29), പാറാൽ വയലിൽപീടികയിലെ അശ്വിൻ രാജീവ് എന്ന ടുട്ടു (21), ചെമ്പ്രയിലെ എം പി പ്രത്യുഷ്, എം പി രാഹുൽ എന്ന കുക്കു(25) എന്നിവരാണ് ഒളിവിൽ. മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതിയാണ് ഏഴിലരശൻ സനീഷ്. ഹരിദാസൻ വധക്കേസ് പ്രതിയെ പിടിക്കാൻ ചാലക്കര പോന്തയാട്ടെത്തിയ ന്യൂമാഹി പൊലീസിനെ ബോംബെറിഞ്ഞ സംഭവത്തിൽ ഉൾപ്പെട്ടയാളാണ് വിജീഷ്. മേലൂരിലെ ധനരാജ് കാപ്പ ചുമത്തി ഒരുവർഷംമുമ്പ് നാടുകടത്തിയ കുറ്റവാളിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..