തളിപ്പറമ്പ്
ഓണത്തിന് സ്വന്തം പൂക്കളൊരുക്കി ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷം. ജമന്തിയും മന്ദാരവും പനിനീർപ്പൂക്കളും മുക്കുറ്റിയും നാട്ടുപൂക്കളുമൊക്കെ ചേർന്നൊരു വേറിട്ട പൂന്തോട്ടമൊരുക്കി ഓണാഘോഷ തിമിർപ്പിലെത്തുന്നത് തളിപ്പറമ്പ് നോർത്ത് ബിആർസിയിലെ ഭിന്നശേഷി കുട്ടികളാണ്. ബിആർസിക്ക് മുന്നിൽ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലത്തോട് ചേർന്നാണ് പൂന്തോട്ടത്തിന് നിലമൊരുക്കിയത്. മാസങ്ങൾക്ക് മുമ്പേ ചെടിക്കമ്പുകളെത്തിച്ച് നട്ടും വിത്തിട്ടും ശ്രമം തുടങ്ങിയിരുന്നു. സഹായത്തിന് ആയമാരും ജീവനക്കാരും പരിശീലകരും ചേർന്നു. ചെടികൾക്ക് തടമൊരുക്കാനും വളമിടാനും വെള്ളം നനയ്‌ക്കാനുമൊക്കെ ഏവരും ഉത്സാഹിച്ചിരുന്നതായി ബിപിസി കെ ബിജേഷ് പറഞ്ഞു.
പൂക്കളിലേക്ക് ഇപ്പോൾ ധാരാളം പൂമ്പാറ്റകളെത്തുന്നതായും ഇവയെ നിരീക്ഷിച്ചും പരിപാലിച്ചും കുട്ടികൾ കൂടുതൽ ഉത്സാഹത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ബിആർസിയിലെ ഭിന്നശേഷികുട്ടികൾക്കുള്ള പരിശീലനകേന്ദ്രത്തിൽ 25 കുട്ടികൾക്കാണ് പ്രത്യേക പരിശീലനം. കുട്ടികളുമൊന്നിച്ചുള്ള വിപുലമായ ഓണാഘോഷം ഓണാവധിക്കുശേഷമാണെങ്കിലും വ്യാഴാഴ്‌ച ബിആർസിയിൽ പൂക്കളമൊരുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..