23 December Monday

കേരളത്തിന്റെ ഔഷധക്കിണ്ണത്തിന്‌ 50 വയസ്‌

ഫെബിൻ ജോഷിUpdated: Thursday Sep 12, 2024

കലവൂരിലെ കെഎസ്ഡിപി ആസ്ഥാനം

ആലപ്പുഴ
കേരളത്തിന്റെ സ്വന്തം ഔഷധക്കിണ്ണത്തിന്‌ വ്യാഴാഴ്‌ച 50 തികയും. പൊതുമേഖലയിലെ ആദ്യ മരുന്ന്‌ നിർമാണകേന്ദ്രം ജനകീയ സർക്കാർ കരുതലിൽ പ്രതിസന്ധികളോട്‌ പൊരുതി പുതിയ തീരങ്ങൾ തേടുകയാണ്‌ 50–-ാം പിറന്നാളിൽ. ആലപ്പുഴ കലവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്‌റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) സാരണക്കാരന്‌ സേവനത്തിന്റെ ആശ്വാസമേകിയാണ്‌ അഞ്ച്‌ പതിറ്റാണ്ട്‌ പിന്നിടുന്നത്‌. 
കുത്തകകളുടെ നീരാളിപ്പിടിത്തത്തിൽനിന്ന്‌ സാധാരണക്കാർക്ക്‌ ആശ്രയമാകുന്ന സർക്കാർ ആശുപത്രികൾക്ക്‌ ആവശ്യമായ മരുന്ന്‌ ലഭ്യമാക്കുകയെന്നതായിരുന്നു പിറന്നുവീഴുമ്പോൾ കെഎസ്‌ഡിപിയുടെ ലക്ഷ്യം. കല്ലിട്ട്‌ ഒന്നരവർഷത്തിന്‌ ശേഷം 1974 സെപ്തംബർ 12-ന്‌ ആരോഗ്യമന്ത്രി എൻ കെ ബാലകൃഷ്‌ണന്‌ ഫാക്‌ടറിയിൽ ഉൽപ്പദിപ്പിച്ച മരുന്ന് കൈമാറി വ്യവസായമന്ത്രി ടി വി തോമസാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. നിലവിൽ 92 തരം മരുന്ന്‌ കെഎസ്‌ഡിപി നിർമിക്കുന്നുണ്ട്‌. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനും തെലങ്കാന, ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങൾക്കും മരുന്നുകൾ കൈമാറുന്നു. 
കോവിഡ്‌ കാലത്ത്‌ സാനിറ്റൈസർ നിർമിച്ച്‌ കേരളത്തെ അണുവിമുക്തമാക്കാൻ മുന്നിൽനിന്നതും മലയാളികളുടെ സ്വന്തം സ്ഥാപനമാണ്‌. നോൺ ബീറ്റാലാക്‌ടം പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതോടെ അന്തർദേശീയ നിലവാരത്തിൽ പ്രതിവർഷം 144 കോടി ഗുളിക, 36 കോടി ക്യാപ്‌സൂൾ, 13.08 ലക്ഷം ലിറ്റർ ലായനി മരുന്ന്‌, കുത്തിവയ്‌പ്പിന്‌ ഉപയോഗിക്കുന്ന പൊടിമരുന്നുകൾ 1.2 കോടി പാക്കറ്റ്‌ എന്നിവ ഉൽപ്പാദിപ്പിക്കുന്നു. കുത്തിവയ്‌പ്പിനുള്ള ലായനി മരുന്നുകൾ നിർമിക്കുന്ന പുതിയ എൽവിപി–-എസ്‌വിപി പ്ലാന്റ്‌ കമീഷനിങ്‌ ഘട്ടത്തിലാണ്‌. സി ബി ചന്ദ്രബാബുവാണ്‌ സ്ഥാപനത്തിന്റെ ചെയർമാൻ. ഇ എ സുബ്രഹ്‌മണ്യനാണ്‌ മാനേജിങ് ഡയറക്‌ടർ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top