18 December Wednesday

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രവേശനം കോടതി അനുവദിച്ചതിനേക്കാൾ എണ്ണം കുറച്ച്‌ വനം ഉദ്യോഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
കൽപ്പറ്റ
ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഹൈക്കോടതി അനുവദിച്ച സന്ദർശകരുടെ എണ്ണം വെട്ടിക്കുറച്ച്‌ വനം ഉദ്യോഗസ്ഥർ. കുറവ ദ്വീപിലും ചെമ്പ്ര പീക്കിലും അനുമതി നൽകിയതിനേക്കാൾ എണ്ണം കുറച്ചു. കുറവയിൽ പ്രതിദിനം 400 പേരെയും ചെമ്പ്രയിൽ 75 പേരെയും പ്രവേശിപ്പിക്കാനാണ്‌ വനം ഉദ്യോഗസ്ഥരുടെ തീരുമാനം. 
കോടതി ഉത്തരവ്‌ പ്രകാരം കുറുവയിൽ പ്രതിദിനം 489 പേർക്കും ചെമ്പ്രയിൽ 82 പേർക്കും പ്രവേശനം നൽകാം.  കുറുവയിൽ 89 പേരെയാണ്‌ കുറച്ചത്‌. നേരത്തെ ഇവിടെ ദിവസം 1150 പേർക്ക്‌ പ്രവേശനമുണ്ടായിരുന്നു. ഇതിന്റെ 15 ശതമാനം കുറച്ച്‌ 978 പേരെ അനുവദിക്കാവുന്നതാണെന്നാണ്‌ വനം വകുപ്പ്‌ കോടതിയിൽ സത്യവാങ്മൂലം നൽകിയത്‌. ഇതിന്റെ 50 ശതമാനം  അനുവദിച്ചു. ഇതുപ്രകാരം പ്രവേശിപ്പിക്കുന്ന സഞ്ചാരികളുടെ 489 ആണ്‌. എന്നാൽ 400 പേർക്കേ അനുമതിയുള്ളൂവെന്നാണ്‌ ഉദ്യോഗസ്ഥർ ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അറിയിച്ചത്‌.
ചെമ്പ്രയിൽ 82 പേർക്ക്‌ അനുമതിയുണ്ടെങ്കിലും 75 പേർക്ക്‌ പ്രവേശനം നൽകിയാൽമതിയെന്നാണ്‌  ഉദ്യോഗസ്ഥ തീരുമാനം. നേരത്തെ 200 പേർക്ക്‌ അനുമതിയുണ്ടായിരുന്നു. അഞ്ച്‌ പേരടങ്ങുന്ന 40 സംഘത്തിന്‌ മലകയറാമായിരുന്നു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ 175 പേർക്ക്‌ സന്ദർശനം നൽകാമെന്നായിരുന്നു അറിയിച്ചത്‌. ഇതിന്റെ 50 ശതമാനത്തിന്‌ അനുമതി ലഭിച്ചു. ഇതുപ്രകാരം സന്ദർശകരുടെ എണ്ണം 82 വരെയാകാം. 
ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ദിവസം 500 പേർക്ക്‌ പ്രവേശനം നൽകാം. എത്രപേരെ അനുവദിക്കുമെന്ന്‌  ഉദ്യോഗസ്ഥർ അറിയിച്ചിട്ടില്ല.  ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന ഫീസ്‌ വർധിപ്പിക്കാനാണ്‌ തീരുമാനം. അത്യാവശ്യമെങ്കിൽ ഫീസ്‌ വർധിപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്‌. 
കുറുവ ദ്വീപ്‌ 15നും ചെമ്പ്ര പീക്ക്‌ 21നും തുറക്കും. 
കുറവയിൽ പാൽവെളിച്ചം ഭാഗം ഒഴിവാക്കി  പാക്കം ചെറിയമല വഴിമാത്രം സഞ്ചാരികളെ പ്രവേശിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ പ്രതിഷേധം ഉയരുകയും മന്ത്രി ഒ ആർ കേളു ഇടപെടുകയും ചെയ്‌തതോടെ പാൽവെളിച്ചം ഭാഗത്തും പ്രവേശനം നൽകാൻ ധാരണയായി. 200 പേരെ വീതം ഇരുഭാഗത്തും പ്രവേശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top