22 December Sunday

വികസനച്ചിറകിൽ ആവേശം ആകാശത്തോളം

സ്വന്തം ലേഖകൻUpdated: Tuesday Nov 12, 2024

കൊച്ചി ബോൾഗാട്ടിയിൽനിന്ന് പറന്നുയർന്ന ജലവിമാനം 
മാട്ടുപ്പെട്ടി ജലാശയത്തിൽ ലാൻഡ് ചെയ്യുന്നു ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

 

മാട്ടുപ്പെട്ടി
മാമലകൾക്കുമേലേ പറന്ന് തെക്കിന്റെ കാശ്മീരായ മൂന്നാർ മാട്ടുപ്പെട്ടിയിലേക്ക് ജലവിമാനം ആദ്യമായി പറന്നിറങ്ങി ചരിത്രമായി. ഒപ്പം വികസനത്തിന്റെ പുതു പ്രതീക്ഷയും. കൊച്ചിയിൽനിന്നും മാട്ടുപ്പെട്ടിയിലേക്കുള്ള പരീക്ഷണ പറക്കൽ വിജയമായി. മാട്ടുപ്പെട്ടി ജലവിതാനത്തിലേക്ക് സീപ്ലെയിൻ ലാൻഡ് ചെയ്യുമ്പോൾ അവിടെ സ്വീകരിക്കാനെത്തിയവർ ഹർഷാരവം മുഴക്കി അത്യാവേശം പ്രകടമാക്കി. 
വൻകിട ജലസംഭരണികൾ ഏറെയുള്ള ഇടുക്കിയുടെ വിനോദസഞ്ചാര വികസനത്തിന് പുത്തൻ ഉണർവും പ്രതീക്ഷയും നൽകുന്നതാണ് പരീക്ഷണ പറക്കൽ. ഇടുക്കിയുടെ സർവ തല വികസന വേഗം വർധിപ്പിക്കുന്നതാണിതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലയുടെ മറ്റ് അണക്കെട്ടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുകതന്നെ വേണമെന്ന് എം എം മണി എം എൽ എ വ്യക്തമാക്കി. ഇടുക്കി, തേക്കടി തടാകങ്ങളെക്കൂടി കൂട്ടിയിണക്കി പദ്ധതി തുടങ്ങിയാൽ കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നും എം എം മണി പറഞ്ഞു. 
ഗംഭീര വരവേൽപ്പ്
ആദ്യമായി മാട്ടുപ്പെട്ടി തടാകത്തിലേക്ക് പറന്നിറങ്ങിയ ജലവിമാനത്തിലെ പൈലറ്റുമാർക്കും ഉദ്യോഗസ്ഥർക്കും വൻ വരവേൽപ്പ് നൽകി. ബോട്ട്‌ ലാൻഡിങ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. എം എം മണി എംഎൽഎ വിശിഷ്ടാതിഥിയായി. ഐഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ആമുഖ പ്രഭാഷണം നടത്തി. ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണൻ സ്വാഗതവും ഡാം സേഫ്ടി ചീഫ് എൻജിനിയർ എസ് നന്ദകുമാർ നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top