വിളപ്പിൽ
കേരളത്തിലെ ഡാമുകളിൽ നിന്ന് 2022–-23 കാലയളവിൽ ഒരു കോടി ഘനമീറ്റർ എക്കലും ചെളിയും നീക്കിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിനെത്തുടർന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക സാധ്യത കുറക്കാനായി. അരുവിക്കര ഡാമിലെ എക്കലും മണ്ണും നീക്കി ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്ന ഡാം ഡീസില്‍റ്റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മറ്റ് ഡാമുകളിലും ഡീസില്‍റ്റേഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. അരുവിക്കര ഡാമിൽ പദ്ധതി പൂർത്തിയാകുന്നതോടെ ഡാമിന്റെ സംഭരണശേഷി 30 ശതമാനം വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റിൽ നിന്നുള്ള കുടിവെള്ളം വിദേശങ്ങളിലേക്ക് കയറ്റി അയക്കാനുള്ള നടപടി പൂർത്തിയായി. അരുവിക്കരയിലെയും പേപ്പാറയിലെയും ഗസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷനാണ് ഡീസില്‍റ്റേഷന്റെ ചുമതല. 13.89 കോടി രൂപ ചെലവഴിച്ചാണ് അരുവിക്കര ഡാമിലെ ഡീസില്‍റ്റേഷന്‍ പ്രവൃത്തി നടത്തുന്നത്.
ജി സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി. കെ എസ് സുനിൽകുമാർ, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കല, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി, എസ് തിലകന്‍, രേണുകാദേവി, വെള്ളനാട് ശശി, വി ആര്‍ ഹരിലാല്‍, എ ആന്റണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..