12 December Thursday
ഒരുക്കങ്ങൾ പൂർത്തിയായി

ചക്കുളത്തുകാവ്‌ പൊങ്കാല നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിനായി ഒരുങ്ങിയപ്പോൾ

മങ്കൊമ്പ്‌
ചക്കുളത്തുകാവ്‌ പൊങ്കാലയ്‌ക്ക്‌ ഒരുക്കം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13നാണ് പൊങ്കാല. തുരുവല്ലമുതൽ തകഴിവരെയും എംസി റോഡിൽ ചങ്ങനാശേരി–--ചെങ്ങന്നൂർ- പന്തളം റൂട്ടിലും മാന്നാർ–--മാവേലിക്കര റൂട്ടിലും മുട്ടാർ–--കിടങ്ങറ, വീയപുരം–--ഹരിപ്പാട് റൂട്ടിലും പൊങ്കാലയിടും. ഇൻഫർമേഷൻ സെന്ററുകളിൽ മൊബൈൽഫോൺ സംവിധാനം ഏർപ്പെടുത്തി. 3001 വളന്റിയർമാരുടെ സേവനം ലഭിക്കും. വിവിധ ഡിപ്പോകളിൽനിന്ന്‌ കെഎസ്ആർടിസി പ്രത്യേക സർവീസ്‌ ആരംഭിച്ചു. 
  വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ കലക്‌ടർമാരുടെ മേൽനോട്ടത്തിൽ സജ്ജമാണ്‌. ആലപ്പുഴ,- തിരുവല്ല ആർഡിഒമാർക്കാണ് കോ–-ഓർഡിനേഷൻ ചുമതല. താൽക്കാലിക ഹെൽത്ത്‌ സെന്ററുകൾ തുറന്നു. ക്ഷേത്രത്തിൽ പ്രത്യേകം ക്യൂ കോംപ്ലക്‌സുകൾ, ദർശനത്തിന്‌ ക്രമീകരണങ്ങൾ, സൗജന്യ ഭക്ഷണവിതരണം, ചികിത്സ, ആംബുലൻസ് എന്നിവ സജ്ജമാക്കി. 
രാവിലെ ഒമ്പതിന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന്‌ മുഖ്യകാര്യദർശി രാധാകൃഷ്‌ണൻനമ്പൂതിരി പൊങ്കാല അടുപ്പിൽ അഗ്‌നി പകരും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്ന്‌ പൊങ്കാല ഉദ്ഘാടനംചെയ്യും. ആർസി ചാരിറ്റബിൾ ട്രസ്‌റ്റ്‌ ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയാകും. 11ന് പൊങ്കാല നേദിക്കും.  
 വൈകിട്ട് അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനത്തിൽ മാനേജിങ്‌ ട്രസ്‌റ്റി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനംചെയ്യും. തോമസ്‌ കെ തോമസ്‌ എംഎൽഎ അധ്യക്ഷനാകും. രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. ഗവർണർ ഡോ. സി വി ആനന്ദബോസ് കാർത്തിക സ്‌തംഭത്തിൽ അഗ്‌നി പകരും.
  ക്ഷേത്രത്തിലെ പന്ത്രണ്ട്‌ നോയമ്പ് ഉത്സവം 16 മുതൽ 27 വരെ നടക്കും. 20ന്‌ നാരീപൂജ. വ്യവസായി റാണി മോഹൻദാസ് ഉദ്ഘാടനംചെയ്യും. 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും. 
രാധാകൃഷ്‌ണൻനമ്പൂതിരി, മണിക്കുട്ടൻനമ്പൂതിരി, രഞ്‌ജിത്ത്‌ ബി നമ്പൂതിരി, മീഡിയ കോ–-ഓർഡിനേറ്റർ അജിത്ത്കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം പി രാജീവ്, സെക്രട്ടറി പി കെ സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പാർക്കിങ്ങിന്‌ 
വിപുല സംവിധാനം
ചെങ്ങന്നൂർമുതൽ തകഴിവരെ വാഹന പാർക്കിങ്ങിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്‌കൂൾ മൈതാനത്തും കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽനിന്ന്‌ വരുന്നവർ തിരുവല്ലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽനിന്ന്‌ വരുന്നവർ തിരുവല്ല, എടത്വാ പൊലീസ് സ്‌റ്റേഷൻ, വാട്ടർ അതോറിറ്റി എടത്വാ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചൽസ് സ്‌കൂൾ എന്നീ മൈതാനങ്ങളിലും വാഹനം പാർക്ക് ചെയ്യണം. 
കെഎസ്ആർടിസി ബസുകൾക്കായി നീരേറ്റുപുറം എഎൻസി ജങ്‌ഷൻ, തലവടി പഞ്ചായത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിൽ താൽക്കാലിക ബസ്‌ സ്‌റ്റാൻഡ്‌ തുറന്നു.
നാളെ പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വെള്ളിയാഴ്‌ച അവധി നൽകി കലക്‌ടറുടെ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top