പന്തളം
നഗരസഭയിൽ ഗ്യാസ് ക്രമറ്റോറിയം നിർമിക്കുന്ന പദ്ധതിയിൽ നഗരസഭാ കൗൺസിലിന്റെ അനുമതിയില്ലാതെ രണ്ടുലക്ഷം രൂപ സ്വകാര്യ ഏജൻസിക്ക് നൽകിയതിലും അഴിമതിയെന്ന്. ഇതിനെതിരെ എൽഡിഎഫ് , യുഡി എഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത്. നാലുവർഷമായി അഴിമതിയാരോപണങ്ങൾ നിരന്തരം ഉണ്ടായി പ്രതിഷേധ സമരങ്ങളിലും എൽഡിഎഫ് അവിശ്വാസത്തിലുംപെട്ട് ബിജെപി ഭരണസമിതി നിലംപൊത്തിയ സാഹചര്യത്തിലാണ് പുതിയ അഴിമതിയാരോപണം ഉയര്‍ന്നത്.
നഗരസഭയിലെ ഗ്യാസ് ക്രിമറ്റോറിയം ഡിപിആർ തയാറാക്കാൻ റ്റാറ്റ് എന്ന ഏജൻസിക്ക് കൗൺസിൽ അറിയാതെ പണം നൽകിയതാണ് കൗൺസിൽ യോഗത്തില്‍ പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്. ഏജൻസിക്ക് കൗൺസിൽ തീരുമാനമില്ലാതെ രണ്ടുലക്ഷം രൂപ നൽകിയതാണ് വിനയായത്.
ചൊവ്വാഴ്ച രാവിലെ യോഗ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചു. പദ്ധതിയുടെ കരട് അവതരിപ്പിച്ചപ്പോൾ വേണ്ട മാറ്റങ്ങൾ കൗൺസിലിൽ ഉയർന്നുവന്നത് പരിഹരിക്കാതെയും കൗൺസിൽ തീരുമാനമില്ലാതെ ഡിപിആർ എഗ്രിമെന്റിൽ ഒപ്പുവച്ചതും ഡിപിആർ തയ്യാറാക്കാൻ ആദ്യഗഡു രണ്ടുലക്ഷം നൽകിയതും
അഴിമതിയാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. കൗൺസിലറിയാതെ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ചും ഫണ്ട് നൽകിയതിനെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ സംയുക്തയാണ് പ്രതിപക്ഷ പ്രതിഷേധം നടത്തിയത്.
പ്രതിപക്ഷ കൗൺസിലർമാരായ ലസിതാ നായർ, പന്തളം മഹേഷ്, ജി രാജേഷ് കുമാർ, കെ ആർ വിജയകുമാർ,
കെ ആർ രവി, എച്ച് സക്കീർ, സുനിതാ വേണു, എസ് അരുൺ, രത്നമണി സുരേന്ദ്രൻ, ടി കെ സതി, ഷെഫിൻ റെജീബ് ഖാൻ, ശോഭനകുമാരി, അജിതകുമാരി, അംബികാ രാജേഷ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. താൽക്കാലിക ചെയർമാൻ ബെന്നി മാത്യു അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..