തിരുവനന്തപുരം
സംസ്ഥാനസർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ‘ആർദ്ര കേരളം’ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും കോർപറേഷന്. നഗരത്തിലെ 54 ആരോഗ്യ സ്ഥാപനങ്ങളുടെ പശ്ചാത്തലസൗകര്യ വികസനത്തിനും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിലും കോർപറേഷൻ നടത്തിയ ഇടപെടലിനാണ് അംഗീകാരം. സംസ്ഥാനത്ത് ആദ്യമായി ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുകയും 12 മണിക്കൂർ സേവനം ഉറപ്പാക്കുകയും ചെയ്ത കോർപറേഷന്റെ മികവും പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു.
30 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് 2021–-22 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയത്. 44 ഹെൽത്ത് ആൻഡ് വെൽനെസ് ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികളും പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജന ആരോഗ്യരംഗത്ത് കേരളം ഉയർത്തിക്കാണിക്കുന്ന മാതൃകയ്ക്ക് മുതൽക്കൂട്ടാകുന്ന പ്രവർത്തനമാണ് കോർപറേഷൻ ചെയ്തിട്ടുള്ളത്.
സാധാരണക്കാർക്ക് വേഗത്തിലും ചെലവ് കുറച്ചും ഫലപ്രദമായ ചികിത്സാസൗകര്യം പ്രാപ്യമാകും വിധമാണ് നഗരത്തിലെ ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നത്. കോർപറേഷൻ ഈ മേഖലയിൽ ചെലവഴിച്ചിട്ടുള്ള തുകയും സേവനങ്ങളും സൗകര്യങ്ങളും സംസ്ഥാനതലത്തിൽ ഉള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വിദഗ്ധരുടെ സംഘം നേരിട്ട് പരിശോധിച്ചും വിലയിരുത്തിയുമാണ് അവാർഡ് നിർണയിച്ചത്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇത്തരം അംഗീകാരങ്ങൾ നമുക്കെല്ലാവർക്കും പ്രചോദനമാകും. കോർപറേഷൻ ഭരണസമിതിയും ജീവനക്കാരും ജനങ്ങളും ചേരുന്ന കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ അവാർഡ് ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഇരട്ട നേട്ടത്തില്‍ മാണിക്കൽ
വെഞ്ഞാറമൂട്
ഇരട്ട പുരസ്‌കാര തിളക്കത്തിൽ മാണിക്കൽ പഞ്ചായത്ത്. സംസ്ഥാനസർക്കാരിന്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം മാണിക്കൽ കുടുംബാരോഗ്യ കേന്ദ്രം നേടിയപ്പോൾ കായകൽപ്പ പുരസ്‌കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം പിരപ്പൻകോട് ജനകീയാരോഗ്യ കേന്ദ്രവും നേടി. അഞ്ചു ലക്ഷം രൂപ ആർദ്ര കേരളം പുരസ്‌കാരത്തിനും 50,000 രൂപ കായകൽപ്പ പുരസ്‌കാരത്തിനും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ആർദ്ര കേരളം പുരസ്‌കാരം. പ്രതിരോധ കുത്തിവയ്‌പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും പരിഗണിച്ചു. പ്രാഥമികരോഗ്യകേന്ദ്രത്തെ ഒന്നാം പിണറായി സർക്കാരാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. പിരപ്പൻകോട് സബ് സെന്ററിനെ രണ്ടാം പിണറായി സർക്കാരാണ് ജനകീയാരോഗ്യ കേന്ദ്രമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..