30 December Monday

ഈ കാതുകളിൽ ഇപ്പോഴും ‘വി ഷാൽ ഓവർ കം ’

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

മുംബെെ സർവകലാശായിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ സീതാറാം യെച്ചൂരി വിദ്യാർഥികൾക്കൊപ്പമുള്ള ഫോട്ടോയെടുക്കുന്ന ഡോ. ജോസ്ജോർജ്

 

കൽപ്പറ്റ
സീതാറാം യെച്ചൂരി വിടപറയുമ്പോൾ നടവയൽ സ്വദേശി ഡോ. ജോസ്‌ ജോർജിന്‌  നഷ്ടമാവുന്നത്‌ പ്രിയസുഹൃത്തിനെ.  യെച്ചൂരിയെക്കുറിച്ച്‌ ഓർക്കുമ്പോൾ ജോസ്‌ ജോർജിന്റെ മനസ്സിൽ ഇരമ്പിവരുന്നത്‌ ജെഎൻയു കാലത്തെ പഴയ തീപ്പൊരിയായ  എസ്‌എഫ്‌ഐ നേതാവിനെയാണ്‌.  തിഹാർ ജയിലിൽ ഒരുമിച്ച്‌ പാടിയ ‘വി ഷാൽ ഓവർ കം’ ഗാനം ഇപ്പോഴും മുഴങ്ങുകയാണ്‌ ജോസ്‌ ജോർജിന്റെ കാതുകളിൽ. 
നടവയൽ മഞ്ചപ്പള്ളിൽ സ്വദേശി ജോസ്‌ ജോർജ്‌ 1978ലാണ്‌ ഇക്കണോമിക്‌സ്‌ ഗവേഷക വിദ്യാർഥിയായി ജെഎൻയുവിലെത്തുന്നത്‌.  യെച്ചൂരി ജെഎൻയു സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ  പ്രസിഡന്റായിരുന്ന കാലം.  യൂണിയൻ ഓഫീസിൽ ചെന്നാണ്‌ യെച്ചൂരിയെ പരിചയപ്പെടുന്നത്‌. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ  പ്രത്യേക താൽപ്പര്യവും പ്രകടിപ്പിച്ചു. പുതിയ ഹോസ്‌റ്റലിലാണ്‌ അന്ന്‌ ജോസിന്റെ താമസം. അവിടം കേന്ദ്രീകരിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തനം ശക്തമാക്കണമെന്ന്‌ യെച്ചൂരി ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിർദേശം ആദ്യ കൂടിക്കാഴ്‌ചയിൽത്തന്നെ നൽകിയാണ്‌ ജോസിനെ യാത്രയാക്കിയത്‌.  മൂന്ന്‌ വർഷം തുടർച്ചയായി യെച്ചൂരിയായിരുന്നു യൂണിയൻ പ്രസിഡന്റ്‌.  ഈ നേട്ടം മറ്റാർക്കും ഇതുവരെ മറികടക്കാനായിട്ടില്ലെന്ന്‌ ജോസ്‌ ജോർജ്‌ ഓർക്കുന്നു. 
പിന്നീട്‌  ക്യാമ്പസിൽ നടന്ന എല്ലാ സമരങ്ങളിലും ജോസ്‌ ജോർജും സജീവമായി പങ്കെടുത്തു.  ഇതിൽ ഏറ്റവും കൂടുതൽ ഓർക്കുന്നത്‌ ഡൽഹി ട്രാൻസ്‌പോർട്ട്‌ കോർപറേഷനെതിരെയുള്ള സമരമാണ്‌. അന്യായമായി ടിക്കറ്റ്‌ നിരക്ക്‌ വർധിപ്പിച്ചതിനെതിരെയായിരുന്നു സമരം.   യെച്ചൂരിക്കൊപ്പം  പ്രബീർ പുകയസ്‌ത,  ദിനേഷ്‌ അബ്‌റോൾ, ഡി ഡി ത്രിപാഠി തുടങ്ങിയവരായിരുന്നു നേതാക്കൾ.  സമരത്തിൽ പങ്കെടുത്ത നേതാക്കൾ ഉൾപ്പെടെ 60  പേരെ അറസ്‌റ്റ്‌ചെയ്‌ത്‌ തിഹാർ ജയിലിലടച്ചു. ആ കൂട്ടത്തിൽ ജോസ്‌ ജോർജും ഉണ്ടായിരുന്നു. ജയിലിലെ ഒരു ഹാളിലായിരുന്നു എല്ലാവരെയും പാർപ്പിച്ചത്‌. അവിടെ പാട്ടും പ്രസംഗവും സംഘടനാ ക്ലാസുകളുമായി ആഘോഷമാക്കി. അന്ന്‌ പാടിയ ‘വി ഷാൽ ഓവർ കം’ എന്ന ഗാനം മറക്കാൻ കഴിയില്ല. രണ്ട്‌ ദിവസം കഴിഞ്ഞാണ്‌ സമരക്കാരെ  ജയിലിൽനിന്ന്‌  പുറത്തുവിട്ടതെന്നും ജോസ്‌ പറഞ്ഞു.
ജെഎൻയു വിട്ടിട്ടും യെച്ചൂരിയുമായുള്ള സൗഹൃദം കൈവിട്ടില്ല. ബോംബെ യൂണിവേഴ്‌സിറ്റിയിൽ അധ്യാപക ജോലിചെയ്യുമ്പോഴടക്കം നിരവധി പരിപാടികളിലേക്ക്‌ യെച്ചൂരിയെ ക്ഷണിച്ചു. ഏറ്റവുമൊടുവിൽ 2017ൽ ജോസ്‌ ജോർജിന്റെ മകളുടെ വിവാഹച്ചടങ്ങിൽ  പങ്കെടുക്കാൻ നടവയലിലെ വീട്ടിലും യെച്ചൂരി എത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top