13 November Wednesday
ടെലിവിഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി സഹോദരങ്ങള്‍

ടെലിവിഷൻ പുരസ്‌കാര നിറവിൽ സഹോദരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 13, 2021

നിർമൽ ബേബി വർഗീസും സഹോദരി ബേബി ചൈതന്യയും 
സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവുമായി

 
കൽപ്പറ്റ-
ബെസ്റ്റ് എഡ്യൂക്കേഷണൽ പ്രോഗ്രാം വിഭാഗത്തിൽ  2020ലെ  സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ഏറ്റുവാങ്ങി  വയനാട് സ്വദേശികളായ സഹോദരങ്ങൾ. തരിയോട് കാവുമന്ദം നിർമൽ  ബേബി വർഗീസ്, സഹോദരി ബേബി ചൈതന്യ എന്നിവരാണ്  സാംസ്‌കാരിക മന്ത്രി സജി ചെറിയാനിൽനിന്ന്‌ പുരസ്‌കാരം സ്വീകരിച്ചത്. വയനാടിന്റെ സ്വർണ ഖനന ചരിത്രം പ്രമേയമാക്കി തരിയോട് എന്ന പേരിൽ തയാറാക്കിയ ഡോക്യുമെന്ററിയാണ് സഹോദരങ്ങളെ പുരസ്‌കാരത്തിന്‌ അർഹരാക്കിയത്. നിർമൽ ബേബി ഡോക്യുമെന്ററിയുടെ സംവിധായകനും ബേബി ചൈതന്യ നിർമാതാവുമാണ്.
നേരത്തേ, ഹോളിവുഡ് ഇന്റർനാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിയായി തരിയോടിനെ തെരഞ്ഞെടുത്തിരുന്നു. സെവൻത് ആർട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരവും ഇതേ ഡോക്യുമെന്ററിയിലൂടെ നിർമൽ ബേബി നേടിയിട്ടുണ്ട്. മറ്റു പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ  ഡോക്യുമെന്ററി ലോസ് ആഞ്ചലസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വയനാട്ടിലെയും സമീപദേശങ്ങളിലെയും സ്വർണ ഖനനം പ്രമേയമാക്കി തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിർമൽ ബേബി. ഈ സിനിമയുമായി സഹകരിക്കാൻ വിദേശ സ്റ്റുഡിയോകളും  താരങ്ങളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ ‘വഴിയെ'യാണ് നിർമലിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയുമാണിത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top