ബത്തേരി
സെന്റ‌്മേരീസ‌് കോളേജിൽ എസ‌്എഫ‌്ഐ പ്രവർത്തകർക്ക‌് നേരെ കെഎസ‌് യുക്കാർ നടത്തിയ അക്രമത്തിൽ ഒമ്പത‌് പേർക്ക‌് പരിക്കേറ്റു. ഇതിൽ നാല‌് പേരുടെ പരിക്ക‌് ഗുരുതരമാണ‌്. പകൽ പന്ത്രണ്ടോടെ കോളേജ‌് ഹോസ‌്റ്റൽ പരിസരത്താണ‌് അക്രമം നടന്നത‌്. ജില്ലാ കമ്മിറ്റി അംഗം നോയൽ എബ്രഹാം (18) ഗോകുൽ സുരേഷ‌് (19) കാർത്തിക‌് പി സുധീർ (19) അക്ഷയ‌് ഗിരീഷ‌് (19) സി എ അമൽ (19) കെ ബസ‌്മിൽ (19) ജോഷ്വോ ബിജു (18) നിഖിൽ (19) ഹാനി ബാസിക‌് (19) എന്നിവർക്കാണ‌് പരിക്ക‌്. ഇവരെ ബത്തേരിയിലെ രണ്ട‌് സ്വകാര്യ ആശുപത്രികളിലും താലൂക്ക‌് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നാം വർഷ വിദ്യാർഥികളും യൂണിറ്റ‌് ഭാരവാഹികളുമായ ബേസിൽ, പോൾസൺ, എൽദോസ‌്, ജോമോൻ, ഗൗതം എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേരാണ‌് കത്തിയും കമ്പിവടിയും ഉപയോഗിച്ച‌് രണ്ടാം വർഷ വിദ്യാർഥികളെ ആക്രമിച്ചത‌്. കോളേജ‌് ഹോസ‌്റ്റൽ കേന്ദ്രീകരിച്ച‌് കെഎസ‌് യുക്കാർ സ്ഥിരമായി മദ്യപാനവും മയക്കുമരുന്ന‌് ഉപയോഗവും നടത്തി രണ്ടാം വർഷ വിദ്യാർഥികളെ ആക്രമിക്കുന്നത‌് ചോദ്യം ചെയ‌്തതിനാണ‌് തങ്ങളെ സംഘം ചേർന്ന‌് ആക്രമിച്ചതെന്ന‌് പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. ഹോസ‌്റ്റൽ വിദ്യാർഥികളായ കെഎസ‌് യുക്കാരുടെ മദ്യപാനവും മയക്കുമരുന്ന‌് ഉപയോഗവും ശ്രദ്ധയിൽപ്പെടുത്തിയിട്ടും കോളേജ‌് അധികൃതർ നടപടികൾ എടുത്തില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ ബത്തേരി പൊലീസ‌് കേസെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ജോബിസൺ, ഏരിയാ സെക്രട്ടറി ടി പി ഋതുശോഭ‌് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..