കാസർകോട്
ദേശീയ കബഡി താരവും കായികാധ്യാപികയുമായ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും അയാളുടെ അമ്മയും കുറ്റക്കാരാണെന്ന് കണ്ടെത്തി.
ബേഡകം ചേരിപ്പാടിയിലെ പ്രീതി ആത്മഹത്യചെയ്‌ത കേസിലാണ് ഭർത്താവ് വെസ്‌റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്‌ണ, അമ്മ ശ്രീലത എന്നിവർ കുറ്റക്കാരാണെന്ന് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്‌ജ് എ മനോജ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 18ന് ശിക്ഷ വിധിക്കും. രാകേഷ് കൃഷ്‌ണയുടെ അച്ഛൻ ടി കെ രമേശൻ കേസിൽ രണ്ടാംപ്രതിയാണ്. വിചാരണക്കിടയിൽ ഇദ്ദേഹം മരിച്ചു.
2017 ആഗസ്‌ത് 18നാണ് ആരുമില്ലാത്ത സമയം വീട്ടിലെ ഹാളിലെ സ്റ്റെയർകെയ്‌സിന്റെ കൈവരിയിൽ ചൂരിദാർ ഷാളിൽ പ്രീതി കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതാണ് ജീവനൊടുക്കാൻ ഇടയാക്കിയത്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് എസ്‌ഐയായിരുന്ന എ ദാമോദരനാണ് അന്വേഷിച്ചത്. കാസർകോട് ഡിവൈഎസ്‌പി എം വി സുകുമാരൻ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷനും ആതിര ബാലനും ഹാജരായി. ബള്ളൂർ ഹയർസെക്കൻഡറി സ്‌കൂൾ കായികാധ്യാപികയായിരുന്ന പ്രീതി നിരവധി ദേശീയ മത്സരങ്ങളിൽ ജേഴ്‌സിയണിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..