കാസർകോട്
യന്ത്രയുഗത്തിലും പ്രകൃതിയെ മലിനമാക്കില്ലെന്ന മനോഭാവത്തോടെയാണ് ഈ ഹിന്ദി അധ്യാപകന്റെ സൈക്കിൾ യാത്ര. കാസർകോട് ഗവ. യുപി സ്‌കൂളിലെ ഹിന്ദി അധ്യാപകൻ കെ എൻ സുനിൽകുമാർ സൈക്കിളിനെ ചങ്ങാതിയാക്കിയിട്ട് 34 വർഷം പിന്നിട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്ര പൂർണമായും സൈക്കിളിൽ. സ്വന്തം നാടായ ആലുവയിലേക്ക് പോകുമ്പോൾ മാത്രമാണ് സൈക്കിളിന് വിശ്രമം. 2010ൽ കേരള സ്റ്റേറ്റ് ഹിന്ദി പ്രചാരക സമിതി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഹിന്ദി അധ്യാപകനുള്ള പുരസ്‌കാരം ഉൾപ്പെടെ അധ്യാപന മികവിന് ലഭിച്ച പുരസ്കാരങ്ങൾ നിരവധി.
മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, അടുക്കത്ത്ബയൽ ഗവ. യുപി സ്‌കൂൾ, ദേലംപാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, എടനീർ ഗവ. ഹൈസ്‌കൂൾ, കോളിയടുക്കം ഗവ. യുപി സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്‌ത സുനിൽമാഷിന് വിശാലമായ സൗഹൃദവലയവുമുണ്ട്. ഇടക്കാലത്ത് ഡെപ്യൂട്ടേഷനിൽ ആലുവ ബിആർസിയിൽ അധ്യാപക പരിശീലകനായും അങ്കമാലി ബിആർസിയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും സേവനമനുഷ്ഠിച്ചു.
അനുദിനം മലിനീകരിക്കപ്പെടുന്ന അന്തരീക്ഷത്തെ തന്റെ പ്രവൃത്തികളിലൂടെ മലിനമാക്കരുതെന്ന ചിന്തയാണ് ഇപ്പോൾ താമസിക്കുന്ന പന്നിപ്പാറയിൽനിന്നും എട്ടുകിലോമീറ്ററിലേറെ സൈക്കിൾ ചവിട്ടി എന്നും സ്‌കൂളിലെത്താനുള്ള പ്രധാന കാരണമെന്നാണ് സുനിൽ മാഷിന്റെ പക്ഷം. യാത്ര സൈക്കിളിലാണെങ്കിലും എത്തേണ്ടതിന് പത്ത് മിനിട്ട് മുമ്പെങ്കിലും മാഷ് സ്ഥലത്തെത്തും.
എംഎ ഇക്കണോമിക്സ് പാസായ ഭാര്യ ജയലക്ഷ്മിയെ ഹിന്ദി സാഹിത്യാചാര്യ കോഴ്‌സ് പാസായി. നിലവിൽ കേരള ഹിന്ദി പ്രചാരസഭ ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിന്റെ പ്രിൻസിപ്പലാണ്. മകൾ ലക്ഷ്മി എറണാകുളം മഹാരാജാസിൽ എംഎ ഹിന്ദി ഒന്നാംവർഷ വിദ്യാർഥിനിയും മകൻ പ്രേംചന്ദ് പ്ലസ്‌വൺ വിദ്യാർഥിയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..