23 December Monday

പച്ചക്കറിയിലും ഹിറ്റടിച്ചോണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പെരിയ വയറവള്ളിയിലെ നരമ്പൻ തോട്ടത്തിൽ വിളവെടുക്കുന്ന മുരളീധരൻ

പെരിയ
പെരിയ പുക്കളത്തെ മുരളീധരനും കുടുംബത്തിനും ഇത്തവണത്തെ ഓണക്കാലം വിളവെടുപ്പിന്റെ ഉത്സവകാലമാണ്‌. അഞ്ച്‌ ഏക്കർ  കൃഷിയിടത്തിൽ മികച്ച നേട്ടമാണ്‌ കൊയ്‌തെടുത്തത്‌. വയറവള്ളിയിലാണ്‌ മുരളീധരന്റെ പ്രധാന കൃഷിയിടം. മൂന്ന്‌ ഏക്കറിൽ നരമ്പൻ, പടവലം, പാവക്ക, മത്തൻ, കക്കിരി, വെള്ളരി എന്നിവയാണ്‌ കൃഷി. ചെരിഞ്ഞ കൃഷിയിടത്തിന്‌ അനുയോജ്യമായതിനാലാണ്‌ പച്ചക്കറി കൃഷി ചെയ്യാൻ തീരുമാനിച്ചത്‌. പുക്കളത്തെ വീടിനോട്‌ ചേർന്നുള്ള രണ്ട്‌ ഏക്കറാണ്‌ മറ്റൊരു കൃഷിയിടം. അവിടെ 350 വാഴയും ബാക്കിയിടത്ത്‌ മുഴുവനായും കോവക്കയുമാണ്‌. ഓണച്ചന്ത ലക്ഷ്യമിട്ട്‌ ജൂൺ, ജൂലൈ മാസത്തിലാണ്‌ കൃഷിയുടെ ആദ്യഘട്ട പ്രവൃത്തി തുടങ്ങിയത്‌. ചെരിഞ്ഞ കൃഷിയിടമായതിനാൽ തട്ട്‌ തിരിച്ചാണ്‌ കൃഷി. ജൈവവളമാണ്‌ ഉപയോഗിക്കുന്നത്‌. ഇത്തവണ ആവശ്യാനുസരണം മഴപെയ്‌തതോടെ ജലസേചനത്തിനായി മറ്റുമാർഗം അന്വേഷിക്കേണ്ടിവന്നില്ല. 
മുരളീധരനെ കൂടാതെ നാല്‌ തൊഴിലാളികളും  സജീവമായുണ്ട്‌. കഴിഞ്ഞ വർഷം ഓണത്തിന്‌ വിളവെടുക്കാൻ കൃഷി നടത്തിയെങ്കിലും വൻ നഷ്ടം നേരിടേണ്ടി വന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഇത്തവണ വിപണിയിലെ ഉയർന്ന വിലയും ആവശ്യകതയും നേട്ടമായി. 
 കൃഷി വകുപ്പ്‌ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്‌. സർക്കാരിൽനിന്നും സബ്‌സിഡിയും ലഭിച്ചു.  കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച പുല്ലൂർ പെരിയ, കാഞ്ഞങ്ങാട്‌, പള്ളിക്കര, ഉദുമ  വിപണന മേളകളിലാണ്‌  പച്ചക്കറി വിൽക്കുന്നത്‌. 10 വർഷം മുമ്പാണ്‌ വയറവള്ളിയിൽ കൃഷി ആരംഭിക്കുന്നത്‌. പൊതു പ്രവർത്തകൻകൂടിയായ മുരളീധരൻ സിപിഐ എം പെരിയ ഫസ്റ്റ്‌ ബ്രാഞ്ച്‌ അംഗമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top