കൊല്ലം
ഓയൂർ ഓട്ടുമലയിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി. തുടർ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷകസംഘം സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് അനുമതി നൽകിയത്. അന്വേഷണം തൃപ്തികരമല്ലെന്ന രീതിയിൽ ആറുവയസ്സുകാരിയുടെ അച്ഛൻ നടത്തിയ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസ് അനുമതി തേടിയത്.
ആറു വയസ്സുകാരിയുടെ അച്ഛന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തും. ആ മൊഴിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തുമെന്നാണ് അന്വേഷകസംഘം കോടതിയെ അറിയിച്ചത്. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലുപേരെ കണ്ടുവെന്നാണ് മൊഴി നൽകിയത്. അന്വേഷണം മൂന്നുപേരിൽ ഒതുങ്ങിയെന്നായിരുന്നു വാർത്താചാനലിൽ അച്ഛൻ പറഞ്ഞത്. ഇതിൽ വ്യക്തത വരുത്താനാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. ഒന്നാംപ്രതി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), രണ്ടാം പ്രതിയായ ഭാര്യ എം ആർ അനിതാകുമാരി എന്നിവരുടെ ജാമ്യാപേക്ഷയിൽ അനിതാകുമാരിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മൂന്നാം പ്രതിയും പത്മകുമാറിന്റെ മകളുമായ അനുപമയ്ക്ക് സ്ത്രീയെന്ന പരിഗണന നൽകി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് അതേ പശ്ചാത്തലത്തിലാണ് രണ്ടാം പ്രതിക്ക് കോടതിജാമ്യം അനുവദിച്ചത്. കേസ് സമയബന്ധിതമായി അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം. കഴിഞ്ഞ വർഷം നവംബർ 27ന് വൈകിട്ട് 4.30നാണ് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രൻ, കാവനാട് ബിജു എന്നിവരും മൂന്നാം പ്രതിക്ക് വേണ്ടി ഷിജു എബ്രഹാമും പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജി മോഹൻരാജും ഹാജരായി. കേസ് 27ന് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..