22 November Friday

ഉള്ളിൽ തിളങ്ങുന്നു, 
ആ അമൂല്യ സൗഹൃദം

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഡോ. കെ സുജിത്കുമാർ സീതാറാം യെച്ചൂരിയെ പരിശോധിക്കുന്നു (ഫയൽ ചിത്രം)

കണ്ണൂർ
‘‘ഹാപ്പി വിഷു ഡിയർ ഡോക്ടർ’’ –-കഴിഞ്ഞ ഏപ്രിലിൽ  ആശംസ നേർന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അയച്ച സന്ദേശം ഇപ്പോഴുമുണ്ട്‌ മേലെചൊവ്വ  ഇൻകം ടാക്‌സ്‌ ഓഫീസിനടുത്ത്‌ താമസിക്കുന്ന ഡോ. കെ സുജിത്‌കുമാറിന്റെ വാട്‌സാപ്പിൽ.  അസുഖബാധിതനായി എയിംസിൽ പ്രവേശിപ്പിച്ചപ്പോൾ അങ്ങോട്ടയച്ച സന്ദേശത്തിന്‌ മറുപടി ലഭിച്ചില്ല. സാഹചര്യം ഗുരുതരമെന്ന്‌ ഡോക്ടർക്ക്‌ മനസ്സിലായി.  യെച്ചൂരിയുമായി നിനിച്ചിരിക്കാതെ കിട്ടിയ അമൂല്യ സൗഹൃദത്തെക്കുറിച്ചാണ്‌ ദന്തഡോക്ടർ കെ സുജിത്‌കുമാർ ഓർത്തെടുത്തത്‌. 
    2023 ഡിസംബർ 20 ന്‌ രാവിലെയാണ്‌ തളാപ്പ്‌ നവനീതം ഓഡിറ്റോറിയം ബിൽഡിങ്ങിലെ കുമാർസ്‌ ഡെന്റൽ ക്ലിനിക്കിലെ ഡോ. സുജിത്‌കുമാറിനെ യെച്ചൂരി ഫോണിൽ വിളിച്ചത്‌. പല്ലിന്‌ നല്ല വേദനയുണ്ടെന്നും വൈകിട്ട്‌ കരിവെള്ളൂർ രക്തസാക്ഷി ദിനാചരണ പരിപാടിക്കുശേഷമേ എത്താനാവു എന്നും യെച്ചൂരി പറഞ്ഞു. വൈകിട്ട്‌ ആറിന്‌ പ്രവർത്തനസമയം കഴിഞ്ഞിട്ടും ഡോക്ടർ  കാത്തിരുന്നു. രാത്രി എട്ടോടെ എത്തിയ  യെച്ചൂരിയെ പരിശോധിച്ചപ്പോൾ രണ്ട്‌ പല്ലുകൾക്ക്‌ കേടുള്ളതായി കണ്ടെത്തി. റൂട്ട്‌ കനാൽ ചെയ്യാനെടുത്ത രണ്ടര മണിക്കൂർ ഒരിക്കലും മറക്കാനാവില്ലെന്ന്‌ ഡോക്ടർ പറയുന്നു. 
‘‘ എപ്പോഴും ചിരിക്കുന്ന മുഖം. അതാണ്‌ യെച്ചൂരിയുടെ  സവിശേഷത. തിരക്കുള്ള വ്യക്തിയായിട്ടും എല്ലാ മേഖലയിലുമുള്ള  അറിവ്‌ അത്ഭുതപ്പെടുത്തി. ആരോഗ്യരംഗത്തെ  പുതിയ വിഷയങ്ങളാണ്‌  സംസാരിച്ചത്‌.  രാത്രി പത്ത്‌ മുതൽ രണ്ടുവരെയാണ്‌ വായനയെന്നും അദ്ദേഹം പറഞ്ഞു’’–-ഡോക്ടർ ഓർക്കുന്നു.   
യെച്ചൂരി പിന്നീട്‌ കണ്ണൂരിലെത്തിയപ്പോൾ തുടർചികിത്സയ്‌ക്ക്‌ രണ്ടുമൂന്നു തവണകൂടി വന്നു. വിശേഷ ദിവസങ്ങളിൽ ആശംസകളായും അല്ലാത്തപ്പോൾ സുഖവിവരമന്വേഷിച്ചും സന്ദേശമയച്ച്‌  സൗഹൃദം നിലനിർത്തി. ‘‘അദ്ദേഹത്തിന്റെ വേർപാട്‌  താങ്ങാനാവുന്നതിനുമപ്പുറമാണ്‌. രാഷ്‌ട്രീയ നേതാവിനപ്പുറം അദ്ദേഹമൊരു വലിയ മനുഷ്യനായിരുന്നു’’–- ഡോ. സുജിത്കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top