മറയൂർ
സർക്കാരിന്റെ നാലാം വാർഷിക കർമപദ്ധതിയോടനുബന്ധിച്ച് മറയൂരിൽ വിവിധ പദ്ധതികൾ മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. മറയൂർ ടൗണിൽ നടന്ന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുൾജ്യോതി, വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ എസ് അരുൺ എന്നിവർ പങ്കെടുത്തു.
പ്രീമിയം ഇക്കോ ഷോപ്പ്
മറയൂർ ചന്ദന ഡിവിഷന്റെ പരിധിയിൽ വിലായത്ത് ബുദ്ധ പ്രീമിയം ഇക്കോ ഷോപ്പ് മറയൂർ ടൗണിൽ ആരംഭിച്ചു. പ്രാദേശിക അസംസ്‌കൃത ഉൽപ്പന്നങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിൽപ്പന നടത്തും. ആദിവാസികൾ നിർമിക്കുന്ന ചന്ദനത്തൈലം ഉൾപ്പെടെ ന്യായവിലയിൽ ഇവിടെ ലഭിക്കും.
വിദ്യാകിരണം ലൈബ്രറി
ആദിവാസികൾക്കിടയിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാകിരണം ലൈബ്രറി നാടിന് സമ്മാനിച്ചിരിക്കുന്നത്. മറയൂരിലെ വിവിധ ആദിവാസി ഊരുകൾക്ക് വിദ്യാകിരണത്തിന്റെ സേവനം ലഭിക്കും.
ഹാങ്ങിങ് ഫെൻസിങ്
വന്യജീവിശല്യം രൂക്ഷമായ സാഹചര്യത്തിൽ ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ അനുമതിയായി. നബാർഡിന്റെ സഹായത്തോടെ 3.5 കോടി ചെലവിലാണ് പദ്ധതി ആസൂത്രണം. ചിന്നാർ ആനമുടിച്ചോല–-ഇരവികുളം ദേശീയ ഉദ്യാനം–മറയൂർ ചന്ദന റിസർവ് മേഖലയിൽ 32 കിലോമീറ്റർ ഇടയിലാണ് ഫെൻസിങ് ഒരുക്കുന്നത്. പൊലീസ് കോർപറേഷനാണ് നിർമാണ ചുമതല.
സാൻഡൽ ഇന്റർഫ്രട്ടേഷൻ സെന്റർ
ചന്ദനക്കാടുകളെക്കുറിച്ച് പഠിക്കുന്നതിനും വിനോദസഞ്ചാരികൾക്ക് ചന്ദനത്തെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ നൽകുന്നതിനുമായി സാൻഡൽ ഇന്റർഫ്രട്ടേഷൻ സെന്റർ ഒരുങ്ങുന്നു. സ്വാഭാവിക ചന്ദനവനമേഖലയായ മറയൂർ–കാന്തല്ലൂരിൽ നിരവധി സഞ്ചാരികളാണ് ചന്ദനക്കാടുകൾ സന്ദർശിക്കാനെത്തുന്നത്. ഇക്കോ ഷോപ്പിനോടുചേർന്നാണ് സാൻഡൽ ഇന്റർഫ്രട്ടേഷൻ സെന്റർ നിർമിക്കുക.
നറുനീർ പദ്ധതി
ആദിവാസി മേഖലകളിലെ കിഴങ്ങുവർഗങ്ങൾ സംരക്ഷിക്കാൻ വനംവകുപ്പ് മറയൂർ ചന്ദന ഡിവിഷൻ ആരംഭിച്ച പദ്ധതിയാണ് നറുനീർ. ഇതിന്റെ ഭാഗമായി കാച്ചിൽ, ചേമ്പ്, വിവിധ കിഴങ്ങുകൾ തുടങ്ങി പരമ്പരാഗത വിത്തുകൾ സംരക്ഷിച്ചുവരുന്ന കർഷകരെ ഏകോപിപ്പിച്ച് കമ്മാളം, ഊഞ്ഞാമ്പാറ ആദിവാസി ഗ്രാമങ്ങളിൽ കൃഷി ആരംഭിച്ചിരുന്നു. മറയൂർ ചന്ദന ഡിവിഷന്റെ നേതൃത്വത്തിൽ പദ്ധതി സംസ്ഥാനവ്യാപകമായി വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘ചില്ല’–- പത്താം വാർഷികം
ചില്ലയുടെ പത്താം വാർഷികം ആഘോഷിച്ചു. ആദിവാസി ഗോത്രവിഭാഗങ്ങളുടെ കാർഷികോൽപ്പന്നങ്ങൾ ഇടനാലക്കാരുടെ സഹായമില്ലാതെ വിറ്റഴിക്കാൻ 2014ൽ ആരംഭിച്ച ലേലവിപണന കേന്ദ്രമാണ് ചില്ല. വ്യാഴാഴ്ചകളിലാണ് വിപണി. പത്തുവർഷത്തിൽ കോടിക്കണക്കിന് രൂപയുടെ നേട്ടമുണ്ടാക്കാൻ ലേലകേന്ദ്രത്തിന് കഴിഞ്ഞു. പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ വനം വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..