കോട്ടയം
ആർപ്പോവിളിയുമായി ഓണമിങ്ങെത്തി. നാടും നഗരവും ഉത്സവാന്തരീക്ഷത്തിലാണ്. ഓണം അടുത്തതോടെ കലാലയങ്ങളും സ്‌കൂളുകളും അണിഞ്ഞൊരുങ്ങി. അവരും ആഘോഷത്തിമിർപ്പിലാണ്. എല്ലാത്തിലും വെറൈറ്റി തെരഞ്ഞെടുക്കുന്ന കലാലയങ്ങൾ പഴമയിലേക്ക് തിരിച്ചുപോകുന്ന ദിവസമാണ് ഓണാഘോഷം. സെറ്റ് സാരി അണിഞ്ഞെത്തിയ പെൺകുട്ടികളും ഒരേ നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചെത്തിയ ആൺകുട്ടികളും പരിപാടി കളറാക്കി. പഴമചോരാത്ത പുതുമയുടെ വീര്യം കലർന്ന ഒരു ക്യാമ്പസ് ഓണമായിരന്നു ഇത്തവണയും ജില്ലയിലെ കലാലയങ്ങളിൽ നിറഞ്ഞത്. ആഘോഷത്തിമിർപ്പിൽ മാവേലിയും പുലികളുമൊപ്പം കൂടിയതോടെ പരിപാടികൾ ഗംഭീരമായി.
കലാലയങ്ങളിൽ ബുധനാഴ്ചയും സ്‌കൂളുകൾ വ്യാഴാഴ്ചയുമാണ് കൂടുതലായും പരിപാടികൾ സംഘടിപ്പിച്ചത്. വിവിധ ഡിസൈനുകളിൽ കളം നിറഞ്ഞ പൂക്കളങ്ങളും നിറഞ്ഞുനിന്ന മാവേലിയും തിരുവാതിരകളിയും ചെണ്ടമേളങ്ങളും കലാലയങ്ങളിലെ ഓണാഘോഷങ്ങൾക്ക് മിഴിവേകി. വടംവലി, ഉറിയടി, മലയാളി മങ്ക, കസേര കളി തുടങ്ങി വിവിധ മത്സരങ്ങളുടെ ചൂടും ക്യാമ്പസുകളിൽ കണ്ടു. വൈകീട്ടോടെ എല്ലാവരും ഓണാവധിയുടെ സന്തോഷത്തിലേക്ക് യാത്ര പറഞ്ഞ് പിരിഞ്ഞു. ഇനി അടുത്ത ഓണത്തിന് ഇതിലും കളറാക്കാമെന്ന ആശയോടെ...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..