30 October Wednesday

സങ്കടക്കടലിൽ ആൽബർട്ടിന്റെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

ആൽബർട്ട് ആന്റണി കപ്പലിൽ സഹപ്രവർത്തകർക്ക് ഒപ്പം. വലത്തുനിന്ന് രണ്ടാമത് വെളുത്ത യൂണിഫോമിൽ

രാജപുരം
സങ്കടക്കടലിലാണ്‌  ഒരാഴ്ചയായിലേറെയായി മാലക്കല്ല് അഞ്ചാല കുഞ്ചിരക്കാട്ട് വീട്ടിലെ ആൽബർട്ട് ആന്റണിയുടെ കുടുംബം. കപ്പലിൽനിന്ന്‌ കാണാതായ മകൻ തിരിച്ചുവരുമെന്ന  പ്രതീക്ഷയിൽ നാളുകളെണ്ണി കഴിയുകയാണ്‌ കുടുംബം. കപ്പൽ കമ്പനിക്കാർ വീട്ടിലെത്തി നൽകുന്ന ആശ്വാസ വാക്കുകളിലായിരുന്നു ഇതുവരെ അച്ഛൻ കെ എം ആന്റണിയുടെയും അമ്മ എം എൽ ബീനയുടെയും പ്രതീക്ഷ. സിനർജി മാരിടൈം കമ്പനിയുടെ എംവി ട്രൂ കോൺറാഡ് എന്ന ലൈബീരിയൻ ചരക്ക് കപ്പലിലെ ഡെക്ക് ട്രെയിനി കേഡറ്റായിരുന്നു ആൽബർട്ട് ആന്റണി. ചൈനയിൽനിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു കപ്പൽ.  ആൽബർട്ട് ആന്റണിയെ  കാണാതായി ഒക്‌ടോബർ നാലിനാണ്‌  വീട്ടുകാർക്ക്‌ വിവരം ലഭിക്കുന്നത്.  
കപ്പലിൽ നിന്നും പെട്ടെന്ന്  ഒരാളെ കാണാതാകുമോ?  കുടുംബത്തിന്‌ ഇപ്പോഴും ഇത്‌ വിശ്വസിക്കാനാവുന്നില്ല. കപ്പൽ കമ്പനിക്കുപോലും ഇവരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാവുന്നില്ല. കാണാതാകുന്നതിന് തലേദിവസം വൈകിട്ട്‌ ഏഴിന്‌ ആൽബർട്ട്‌ വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. പിന്നീട്‌ ഒരു വിവരവുമില്ല. എന്നാൽ പിറ്റേ ദിവസം പകൽ 11.45ന് ഭക്ഷണം കഴിക്കാൻ  ക്യാബിനിൽ എത്തിയെന്നും ഭക്ഷണത്തിന് താമസം ഉണ്ടെന്ന് അറിഞ്ഞതിനാൽ അവിടെ നിന്ന്‌ മടങ്ങിയ ആൽബർട്ടിനെ പിന്നെ ആരും കണ്ടില്ലെന്നും കപ്പൽ അധികൃതർ പറയുന്നു.  
ദിവസങ്ങളോളം  തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നതായുള്ള വിവരമാണ് കുടുംബത്തിന് ലഭിച്ചത്. കപ്പൽ ഏറ്റവും അടുത്ത തുറമുഖത്ത് എത്തിച്ച്  ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും തുറമുഖ പൊലീസ് കേസെടുക്കുമെന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കപ്പൽ അധികൃതർ അറിയിച്ചു.  ലൈബീരിയൻ അന്വേഷണ ഏജൻസിയും ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചു.
എന്നാൽ കമ്പനിയുടെ തിരച്ചിൽ ഫലപ്രദമല്ലെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അന്താരാഷ്ട്രതലത്തിൽ ഇടപെടൽ നടത്തി ഇന്ത്യൻ നാവികസേന നേതൃത്വത്തിൽ  തിരച്ചിൽ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി,  കേന്ദ്രമന്ത്രിമാർ തുടങ്ങിയവർക്ക്  നിവേദനം നൽകിയിട്ടുണ്ട്.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top