പിണറായി
സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഒരു നാടാകെ ഒന്നിച്ചപ്പോൾ സാക്ഷാൽക്കരിച്ചത് പിണറായിയിലെ സാധാരണ ജനങ്ങളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പിണറായി എ കെ ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടങ്ങളും സ്മാർട് ക്ലാസ് റൂമുകളും 20 ന് നാടിന് സമർപ്പിക്കും. പകൽ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തിലെ വാർഡുകളിലെ സാമ്പത്തിക സമിതികൾ ചേർന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് കെട്ടിടമൊരുക്കാൻ 67 സെന്റ് സ്ഥലമൊരുക്കിയത്. നബാർഡിന്റെ പത്ത് കോടിയും പ്ലാൻ ഫണ്ടിൽനിന്ന് ഒരുകോടി എട്ട് ലക്ഷം ഉപയോഗിച്ച് ഇൻഡോർ സ്റ്റേഡിയവും മൂന്ന് കോടി ചെലവഴിച്ച് ഹാളും നാല് ക്ലാസ്റൂമും മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം ചെലവഴിച്ച് കവാടവും 80 ലക്ഷം രൂപ ചെലവഴിച്ച് സ്മാർട് ക്ലാസ് റൂമുകളും ഒരുക്കി.
2016 മുതൽ തുടങ്ങിയതാണ് ഈ സ്കൂളിന്റെ വികസന യാത്ര. കെ കെ നാരായണൻ എംഎൽഎ കെട്ടിട നിർമാണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ മണ്ഡലത്തിലെ മാതൃക സ്കൂൾ എന്ന നിലയിൽ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായി.
ഗെയിൽ കമ്പനിയുടെ പൊതുനന്മ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനുള്ള കെട്ടിടം നിർമിച്ചു. മുകൾ നിലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ മൂന്ന് കോടി രൂപ ചെലവഴിച്ച് 10 ക്ലാസ്സ് മുറികളും അഞ്ച് കോടി രൂപ ഉപയോഗിച്ച് ഹൈസ്‌കൂൾ വിഭാഗത്തിന് പുതിയ കെട്ടിടവും ആംഫി തിയറ്ററും നിർമിച്ചു. അനർട്ടിന്റെ റൂഫ് ടോപ്പ് പവർ പ്ലാന്റ് സ്ഥാപിച്ചു. റോഡ് ഇന്റർലോക്ക് ചെയ്തു. 37 ലക്ഷം രൂപ ചെലവിൽ ചുറ്റുമതിൽ നിർമാണവും എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽനിന്ന് അനുവദിച്ച 11.35 ലക്ഷം രൂപയിൽ കിണർ നിർമിച്ചു. 18 ലക്ഷം രൂപയിൽ സ്കൂൾ ബസ്, 25 ലക്ഷം രൂപയുടെ മോഡുലാർ കിച്ചൺ, 65 ലക്ഷം രൂപയുടെ സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സജ്ജമാക്കി. കളി സ്ഥലത്തിനായി ബജറ്റിൽ രണ്ടുകോടി, ഫർണിച്ചറിനായി 20 ലക്ഷം എന്നിവയും ഒരുക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..