തിരുവനന്തപുരം
ചിരിയും കരച്ചിലുമായി വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. മോതിരംകൊണ്ട് നാവിലെഴുതിയും അരിയിൽ വാക്കെഴുതിയും മണ്ണിൽ ചിത്രംവരച്ചും കാലിൽ ചിലങ്കയണിഞ്ഞുമാണ് കുരുന്നുകൾ ആദ്യപാഠങ്ങൾ പഠിച്ചത്. സാംസ്‌കാരിക കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ഗ്രന്ഥശാലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി നിരവധി കുരുന്നുകൾ ആദ്യക്ഷരം എഴുതി. ചിത്രരചന, നൃത്തം, സംഗീതം തുടങ്ങിയവയിലും കുട്ടികൾ ആദ്യപാഠങ്ങൾ അഭ്യസിച്ചു.
ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ മന്ത്രി വി ശിവൻകുട്ടി, രാജ്ഭവനിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, ശിശുക്ഷേമ സമിതിയിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ലുലു മാളിൽ മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി കെ എ നായർ, ഹൈക്കോടതി മുൻ ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ എന്നിവർ ആദ്യക്ഷരം കുറിപ്പിച്ചു. ശബരിമല വനമേഖലയിലെ മഞ്ഞത്തോട്, പ്ലാപ്പളളി, അട്ടത്തോട് ഊരുകളിലെയും ഗാന്ധിഭവനിലെയും കുട്ടികളാണ് ലുലുമാളിൽ വിദ്യാരംഭം കുറിച്ചത്. ശിശുക്ഷേമ സമിതിയിൽ നാല് കുഞ്ഞുങ്ങളുടെ ചോറൂണും നടത്തി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി പങ്കെടുത്തു.
ഐരാണിമുട്ടം തുഞ്ചൻ സ്‌മാരകത്തിൽ ഡോ. ടി ജി രാമചന്ദ്രൻ പിള്ള, വി പി ജോയ്, കെ വി മോഹൻകുമാർ, ഡോ. എം ആർ തമ്പാൻ, ടി കെ ദാമോദരൻ നമ്പൂതിരി എന്നിവർ എഴുത്തിലും പ്രൊഫ. കാട്ടൂർ നാരായണ പിള്ളയും കാരയ്ക്കാമണ്ഡപം വിജയകുമാറും ചിത്രകലയിലും പ്രൊഫ. പി സുശീലദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ എന്നിവർ സംഗീതത്തിലും ഗായത്രി നൃത്തത്തിലും ആചാര്യരായി.ജവഹർ ബാലഭവനിൽ വിദ്യാരംഭത്തിൽ വി കെ പ്രശാന്ത് എംഎൽഎയും ബാലസാഹിത്യകാരി ഡോ. രാധിക സി നായരും കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു. തോന്നയ്‌ക്കൽ ആശാൻ സ്‌മാരകത്തിൽ കവി പ്രൊഫ. വി മധുസൂദനൻ നായർ, വി പി ജോയ്, ചരിത്രകാരൻ പേരേറ്റിൽ ജി പ്രിയദർശനൻ, ഡോ. ഷാജി പ്രഭാകരൻ, മുൻ എംപി ഡോ. എ സമ്പത്ത്, പ്രൊഫ. വി എൻ മുരളി, ഡോ. നടുവട്ടം ഗോപാലകൃഷ്‌ണൻ, ആർക്കിടെക്ട് പ്രൊഫ. ഷാജി, മുഖത്തല ശ്രീകുമാർ, ഗായകരായ ശ്രീറാം, ബി അരുന്ധതി, പ്രൊഫ. എ ജി ഒലീന, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗിരീഷ് പുലിയൂർ, ഡോ. ബിജുബാലകൃഷ്‌ണൻ, കായംകുളം യൂനുസ്, ഷാനവാസ് പോങ്ങനാട്, ഭുവനേന്ദ്രൻ മംഗലപുരം എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. വർക്കല ശിവഗിരി മഠത്തിലും ആദ്യക്ഷരം പകര്‍ന്നു നല്‍കി.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആർക്കിടെക്ട് ജി ശങ്കർ, നടൻ ജോബി, ജി എസ് പ്രദീപ്, വിഴിഞ്ഞം രാജ്യാന്തര തുറമുഖ എംഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവർ എഴുത്തിനിരുത്തി.ആറ്റുകാൽ ഭഗവതി ക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, ശംഖുംമുഖം ദേവി ക്ഷേത്രം, കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്രം, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം തുടങ്ങിയ ഇടങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ചിറയിൻകീഴ് അഴൂരിലെ വസതിയിലും ജില്ലാ കമ്മിറ്റി ഓഫീസിലും എഴുത്തിനിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..