08 September Sunday

ഇടമുണ്ട്‌ വ്യവസായങ്ങൾക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 14, 2020

മാങ്ങാട്ടുപറമ്പ്‌ കെൽട്രോണിലെ വനിതാ തൊഴിലാളികൾ കപ്പാസിറ്റർ നിർമാണത്തിൽ

 കണ്ണൂർ

വ്യവസായ മേഖലയെന്നുപറഞ്ഞാൽ പരമ്പരാഗത വ്യവസായങ്ങൾക്കപ്പുറം വികസിക്കാത്ത ജില്ലയായിരുന്നു കണ്ണൂർ. പരമ്പരാഗത വ്യവസായമേഖലയിലെ പ്രതിസന്ധിയാണ്‌ വേറിട്ട വഴി കണ്ടെത്താൻ സർക്കാരിനെ പ്രേരിച്ചത്‌. 
പുതിയ വ്യവസായ നയം രൂപീകരിച്ചു. ഇപ്പോൾ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ വളർന്നുവരികയാണ്‌. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഈ വളർച്ച കാണാം.  
കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്ക്
ജില്ലയിലെ വ്യവസായമേഖല കൈവരിച്ച നേട്ടങ്ങളിലൊന്നാണ് തളിപ്പറമ്പ് നാടുകാണിയിലെ കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്ക്. 123.38 ഏക്കറിലാണിത്‌. 48 വ്യവസായ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. പത്ത്‌ യൂണിറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു. ഇതുവരെ 65 കോടി രൂപയുടെ നിക്ഷേപമായി. ഇതുവഴി  520 പേർക്ക് പ്രത്യക്ഷമായും 1000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. 70 കോടിയുടെ നിക്ഷേപവുമായി 32 യൂണിറ്റുകൾകൂടി ഉടനെയെത്തും. 
മുൻനിര കമ്പനികൾ
വൻകിട സ്ഥാപനങ്ങളായ മസ്‌കോട്ട് ഇൻഡസ്ട്രീസ്, ശബരി കോട്ടൺസ്, എക്‌സിം അപ്പാരൽസ്, മൈബ്രാ ലിംഗറീസ് തുടങ്ങിയവ കിൻഫ്ര ടെക്‌സ്‌റ്റൈൽ പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. പെയിന്റ് നിർമാതാക്കളായ ആംകോസ് എക്സെൽ ഇന്ത്യ പെയിന്റ്‌സ്, ഡെക്കാൻ മെറ്റൽ പ്രൊഫൈലേഴ്‌സ് തുടങ്ങിയവ പ്ലാന്റ്‌ നിർമാണം തുടങ്ങി. ഭക്ഷ്യ സംസ്‌കരണ രംഗത്ത് പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്ന നിരവധി യൂണിറ്റുകളുമുണ്ട്‌. 
    സംസ്ഥാന സർക്കാരിന്റെ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കാവശ്യമായ ടെക്സ്റ്റൈൽ ഡൈയിങ്‌ ആൻഡ് പ്രിന്റിങ്‌ സെന്ററിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 25.6 കോടി രൂപയാണ്  മുതൽ മുടക്ക്. 
ആന്തൂർ വ്യവസായ               വികസന പ്ലോട്ട്
250 കോടി ചെലവിൽ ആന്തൂരിൽ ആരംഭിച്ച വ്യവസായ വികസന പ്ലോട്ടിൽ 169 വ്യവസായ യൂണിറ്റുകൾക്കായി 46.52 ഏക്കർ ഭൂമിയാണ് അനുവദിച്ചത്. 2500 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിക്കും. പ്ലൈവുഡ്, ഭക്ഷ്യസംസ്‌കരണം, ഫർണിച്ചർ, പ്രിന്റിങ്‌, അലുമിനിയം ഫാബ്രിക്കേഷൻ, വീട്ടുപകരണങ്ങളുടെ നിർമാണം, കിടക്കനിർമാണം, ജൈവവളം, ആശുപത്രി ഉപകരണ നിർമാണം, യന്ത്രോപകരണ നിർമാണം, മെഡിക്കൽ ഓക്‌സിജൻ തുടങ്ങിയ വ്യവസായങ്ങളാണ്‌ ഇവിടെയുള്ളത്‌. 
ചെറുകിട                            സംരംഭങ്ങൾക്ക് സഹായം
സംരംഭകത്വ സഹായ പദ്ധതിയിലൂടെ ജില്ലയിൽ 277 എംഎസ്എംഇ യൂണിറ്റുകൾക്ക് സബ്‌സിഡി ഇനത്തിൽ 9,23,26,151 രൂപ അനുവദിച്ചു.
മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസ് ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രകാരം കമീഷൻചെയ്ത രണ്ട് ക്ലസ്റ്ററുകൾക്കായി 4.79 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഉജ്ജീവന പദ്ധതിപ്രകാരം 20 യൂണിറ്റിന് 63.4 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി.
കൈത്തറിക്ക്‌ ഉണർവ്‌
സർക്കാർ പ്രഖ്യാപിച്ച സ്‌കൂൾ യൂണിഫോം പദ്ധതി  കൈത്തറിമേഖലയ്ക്ക് പുതുജീവൻ നൽകി. യൂണിഫോം പദ്ധതിക്കായി 37.55 കോടിയും പ്രൊഡക്ഷൻ ഇൻസെന്റീവായി 7.25 കോടിയും കൈത്തറി റിബേറ്റായി 11.20 കോടിയും വരുമാനം കുറഞ്ഞ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ടായി 57.30 ലക്ഷവുമാണ് അനുവദിച്ചത്. ‘ഒരു വീട്ടിൽ ഒരു തറി’ പദ്ധതിക്കായി 50 ലക്ഷവും യുവ വീവ് പദ്ധതിക്കായി അഞ്ച്‌  ലക്ഷം രൂപയും അനുവദിച്ചു. 
   തറിയും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനും റിപ്പയർ ചെയ്യുന്നതിനുമുള്ള ധനസഹായമായി 40.44 ലക്ഷവും കൈത്തറി ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള കയറ്റുമതി പ്രോത്സാഹന പദ്ധതിക്ക് 50.78 ലക്ഷവും വർക്ക് ഷെഡ് ഫാക്ടറി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക്‌ ധനസഹായമായി 8 ലക്ഷവും  കൈത്തറി തൊഴിലാളികൾക്കുള്ള കുടുംബക്ഷേമ പദ്ധതികൾക്കായി 1.33 കോടി രൂപയും ആധുനികവൽക്കരണത്തിനും മൂല്യവർധിത ഉല്പന്നങ്ങൾക്കും‌   1.02 കോടി രൂപയും നൽകി. 
  യാൺ സൊസൈറ്റി, ഹാൻവീവ് എന്നിവയ്ക്ക് കുഴിനൂൽ ചായങ്ങൾ, രാസവസ്തുക്കൾ എന്നിവ വാങ്ങുന്നതിന് സബ്‌സിഡിയായി 1.26 കോടിയും 17 കൈത്തറി സംഘങ്ങൾക്ക് 74.85 ലക്ഷം രൂപയും അനുവദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top