14 November Thursday
മാലിന്യമുക്ത നവകേരളം രണ്ടാംഘട്ടം

വിദ്യാഭ്യാസ സ്ഥാപനങ്ങളും 
പൊതുസ്ഥലങ്ങളും ഹരിതകേന്ദ്രമാകും

സ്വന്തം ലേഖികUpdated: Thursday Nov 14, 2024
 
കൊല്ലം
ശുചിത്വകേരളം സുസ്ഥിര കേരളം യാഥാർഥ്യമാക്കുന്നതിനായി ആരംഭിച്ച "മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ’ രണ്ടാംഘട്ടത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഹരിതകേന്ദ്രങ്ങളാകും. മൂന്നു ഘട്ടത്തിലായി നടത്തുന്ന ക്യാമ്പയിന്റെ രണ്ടാംഘട്ടം അവസാനിക്കുന്ന ഡിസംബർ 31ന്‌ ലക്ഷ്യം പൂർത്തിയാക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനമാണ്‌ നടക്കുന്നത്‌. 
രണ്ടാംഘട്ടത്തിൽ ജില്ലയിൽ ആകെയുള്ള 1239 വിദ്യാലയം, 84 കലാലയം എന്നിവ മാലിന്യമുക്തമാകും. എട്ട്‌ വിനോദസഞ്ചാരകേന്ദ്രം, 6779അയൽക്കൂട്ടം എന്നിവയും മാലിന്യരഹിതമാകും. തദ്ദേശസ്ഥാപനങ്ങളിലെ ഒരു ടൗൺ പ്രദേശം ശുചീകരിച്ച്‌ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനം 50ശതമാനം പൂർത്തിയാക്കും. മൂന്നാംഘട്ടം 2025 ജനുവരി 26ന്‌ പൂർത്തിയാക്കുന്നതോടെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ടൗണുകളും ഹരിതകേന്ദ്രമായി മാറും. 15 വിനോദസഞ്ചാരകേന്ദ്രം കൂടി ഹരിതമാകുന്നതോടെ 50ശതമാനം കേന്ദ്രങ്ങളും ഹരിത പദവിയിൽ എത്തും. 13,558 അയൽക്കൂട്ടങ്ങൾകൂടി ഹരിത പദവി കൈവരിക്കും.
കേരളപ്പിറവി ദിനത്തിൽ 50ശതമാനം സ്ഥാപനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും 10ശതമാനം വിനോദസഞ്ചാര കേന്ദ്രവും അയൽക്കൂട്ടങ്ങളും ഹരിത പദവിയിൽ ഇടംപിടിച്ചിരുന്നു. ഒന്നാംഘട്ടത്തിൽ ആകെയുള്ള 28,632 അയൽക്കൂട്ടങ്ങളിൽ ശുചിത്വം ഉറപ്പാക്കി 4095 എണ്ണം ഹരിത അയൽക്കൂട്ടമായി ഉയർന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ശുചിത്വ മിഷൻ, ഹരിതസഹായ സ്ഥാപനമായ ഐആർടിസി എന്നിവയുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ തയ്യാറാക്കിയ ഗൂഗിൾ ഫോമിലൂടെയാണ്‌ പരിശോധന നടത്തുന്നത്.
 
കുട്ടികളും പങ്കാളികളാകും
കൊല്ലം
ജില്ലയെ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കുട്ടികളും. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ശിശുദിനത്തിൽ എല്ലാ തദ്ദേശസ്ഥാപനത്തിലും ഹരിതസഭ സംഘടിപ്പിച്ചാണ്‌ കുട്ടികളെ പങ്കാളികളാക്കുന്നത്‌. പുതുതലമുറയിൽ മാലിന്യ നിർമാർജനത്തെക്കുറിച്ച് അവബോധം വളർത്താനും മാലിന്യമുക്തം നവകേരളത്തിനു പുതിയ ആശയങ്ങൾ സംഭാവന ചെയ്യാനും ലക്ഷ്യമിട്ടാണ്‌ പദ്ധതി.  ഹരിതസഭയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്‌ അതത്‌ തദ്ദേശസ്ഥാപനത്തിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അവസരം ലഭ്യമാകും. 
ശുചിത്വ, മാലിന്യസംസ്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസസ്ഥാപനങ്ങളെ മാറ്റാനും മാലിന്യസംസ്കരണ സംവിധാനങ്ങൾ വിദ്യാലയങ്ങളിൽ  ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഓരോ തദ്ദേശസ്ഥാപനത്തില്‍നിന്ന് 150- –-200 കുട്ടികളാണ് സഭയിൽ പങ്കെടുക്കുക. ഹരിതസഭയിലേക്ക് തെരഞ്ഞെടുത്ത കുട്ടികൾ അതത്പ്രദേശത്തെയും വിദ്യാലയങ്ങളിലെയും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് അവതരിപ്പിക്കും. ഹരിതസഭയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം നടപടി സ്വീകരിക്കണം. പങ്കെടുക്കുന്ന വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും പ്രത്യേക സർട്ടിഫിക്കറ്റും സമ്മാനവും തദ്ദേശ സ്ഥാപനങ്ങൾ നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top