തൃക്കരിപ്പൂർ
മാണിയാട്ട് കോറസ് കലാസമിതി സംഘടിപ്പിക്കുന്ന പതിനൊന്നാമത് എൻ എൻ പിള്ള സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് വ്യാഴാഴ്‌ച തിരിതെളിയും. നാടക മത്സരം വൈകീട്ട് 6.30ന് കേരള ഫോക് ലോർ അക്കാദമി സെക്രട്ടറി അജയകുമാർ ഉദ്ഘാടനംചെയ്യും. നടൻ ജോജു ജോർജ് മുഖ്യാതിഥിയാവും. ആദ്യ ദിനം മത്സരം കാണാനെത്തുന്നവർക്ക് വിതരണത്തിനായി മധുര പലഹാരം തയ്യാറായി. കോറസ് വനിതാവേദി നേതൃത്വത്തിൽ 5000 അരിയുണ്ടയാണ് വിതരണം ചെയ്യുന്നത്. ഇതിനായി നൂറിൽ പരം വനിതകളാണ് പലഹാരമൊരുക്കിയത്.
എട്ട് മത്സര നാടകവും എൻ എൻ പിള്ളയുടെ കണക്ക് ചെമ്പകരാമൻ നാടകം പ്രദർശന നാടകമായി കോറസ് കലാസമിതിയും അവതരിപ്പിക്കും. വ്യാഴം വൈകീട്ട് മാണിയാട്ട് ആൽത്തറക്ക് സമീപത്തു നിന്നും വിശിഷ്ടാതിഥികളെ സ്വീകരിക്കും. വൈകിട്ട് നാലിന് തെക്കേക്കാട് അജയകലാ നിലയത്തിൽനിന്നും നാടക ജ്യോതി പ്രയാണം ആരംഭിക്കും. കിനാത്തിൽ വായനശാല ജ്വാല തിയറ്റേഴ്‌സ്, മനീഷ തിയറ്റേഴ്‌സ്, കൈരളി വായനശാല തടിയൻകൊവ്വൽ, ഡേയ്‌സ് ഓഫ് ചന്തേര, നവോദയ വായനശാല ചന്തേര പടിഞ്ഞാറെക്കര, ചന്തേര സാംസ്കാരിക വേദി ഗ്രന്ഥാലയം എന്നിവിടങ്ങളിലെ സ്വീകരണശേഷം മാണിയാട്ട് സമാപിക്കും.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘അച്ഛൻ’ ആണ് ആദ്യ ദിവസത്തെ നാടകം. ദിവസവും രാത്രി ഏഴിന് കലാരംഗത്തെ പ്രഗത്ഭർ കളിവിളക്ക് തെളിയിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..