പാലക്കാട്
കൽപ്പാത്തി രഥോത്സവത്തിലെ ഒന്നാംതേരോട്ടത്തിന് സാക്ഷികളാകാനും തേരുവലിക്കാനും നൂറുകണക്കിനാളുകളാണ് ബുധനാഴ്‌ച എത്തിയത്. പാലക്കാട്ടെ ചൂടിനൊപ്പം ഉപതെരഞ്ഞെടുപ്പിന്റെ ചൂടുകൂടി പ്രതിഫലിപ്പിച്ചാണ് ഇത്തവണ രഥോത്സവം. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനും കൽപ്പാത്തിയിലെ നിറസാന്നിധ്യമായിരുന്നു. തേരുവലിച്ചും എല്ലാവരോടും വോട്ടഭ്യർഥിച്ചും സെൽഫിയെടുത്തും അദ്ദേഹം അവരിലൊരാളായി. സ്ഥാനാർഥിക്കൊപ്പം കൽപ്പാത്തിയാകെ ചേർന്നു.
വൈകിട്ട് കണ്ണാടി പഞ്ചായത്തിലായിരുന്നു ഡോ. പി സരിന്റെ വാഹനപര്യടനം. ഉപ്പുംപാടത്തെത്തിയപ്പോൾ മുൻ ആരോഗ്യമന്ത്രികൂടിയായ പി കെ ശ്രീമതിയും അവിടെയുണ്ടായിരുന്നു. താൻ മന്ത്രിയായിരിക്കുന്ന കാലത്താണ് സരിനും സൗമ്യയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചതെന്ന് പി കെ ശ്രീമതി ഓർമിച്ചു. മാസത്തിൽ മൂന്നുതവണയെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചിരുന്ന മന്ത്രിയായിരുന്നുവെന്ന് സരിനും ഓർത്തെടുത്തു.
രാവിലെ വിക്ടോറിയ കോളേജിന് സമീപത്തുള്ള സോഷ്യൽ കിച്ചനിൽ ‘കോഫി വിത്ത് ഡോ. സരിൻ’ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. സോഷ്യൽ കിച്ചനിലെത്തുന്നവരും സരിനുമായുള്ള ചർച്ചയും സംഭാഷണവുമായിരുന്നു പരിപാടി. തുറന്ന രാഷ്‌ട്രീയ ചർച്ചയും പാലക്കാടിന്റെ വികസനവും ഭാവികാഴ്‌ചപ്പാടുകളും ഉൾപ്പെടെ വോട്ടർമാർ സരിനുമായി പങ്കുവച്ചു. രാവിലെ കിഴക്കേക്കരയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. പടിഞ്ഞാറേത്തറ, ചുങ്കമന്ദം, തോടുകാട്, തെക്കേത്തറ, പുളിമറ്റം, ചെങ്ങലംകാട്, മുതുകാട്, കൊളക്കപ്പാടം, വാക്കാട്, കുമ്പളത്തറ, കളിമൺപാടം, കാക്കത്തറ എന്നിവിടങ്ങളിലും പര്യടനംനടത്തി. വിവിധ സ്ഥലങ്ങളിൽ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, എം വിജിൻ എംഎൽഎ, മലമ്പുഴ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുമലത മോഹൻദാസ്, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം പി കെ സുജിത് തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്‌ചയോടെ ഡോ. പി സരിന്റെ പൊതുപര്യടനം അവസാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..