21 November Thursday
ലക്ഷ്യം മത്സ്യലഭ്യതയുടെ വർധന

മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനും സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനും ചേർന്ന് മത്സ്യവിത്തുകൾ 
നിക്ഷേപിക്കുന്നതിന്റെ ഫ്ലാ​ഗ് ഓഫ് നിർവഹിക്കുന്നു

കോവളം 
വിഴിഞ്ഞം കടലിലെ കൃത്രിമ പാരിൽ  സിൽവർ പൊമ്പാനോ ഇനത്തിൽപ്പെട്ട 22,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നോർത്ത്‌ ഹാർബറിൽ നടന്ന ചടങ്ങ്‌ കേന്ദ്ര ഫിഷറീസ്‌ സഹമന്ത്രി ജോർജ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. കൃത്രിമ പാരുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളം മുന്നിലാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
 എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കും. 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുമെന്നും സഹമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദ്‌  യോജന പദ്ധതിപ്രകാരമാണ്‌ ജില്ലയിലെ തീരക്കടലിൽ സ്ഥാപിച്ച കൃത്രിമ പാരുകളിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്‌. 
 മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമ പാരുകൾ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചതെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാൻ കടലിൽ മത്സ്യവിത്ത് നിക്ഷേപിക്കൽ പദ്ധതിയിലൂടെ സാധ്യമാകും. 
ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്ന 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ വളർന്ന് എട്ട്‌ കിലോ തൂക്കം വരെ ആകുന്നവയാണെന്നും മന്ത്രി പറഞ്ഞു.  ഒമ്പത് തീരദേശ ജില്ലകളിലും തീരക്കടലിൽ കൃത്രിമ പാരുകൾ സ്ഥാപിക്കുന്നത്‌. 
ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമ പാരുകൾ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ യഥാക്രമം 60 : 40 അനുപാതത്തിൽ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. അതനുസരിച്ച് 6,300 കൃത്രിമ പാരുകൾ നിക്ഷേപിക്കുകയും ചെയ്തു.
10 കൃത്രിമ പാരു സൈറ്റുകളിൽ പൊമ്പാനോ, കോബിയ തുടങ്ങിയ മത്സ്യ വിത്തുകൾ ഒരു പാരിൽ ഒരു ലക്ഷം എന്ന ക്രമത്തിൽ ആകെ 10 ലക്ഷം മത്സ്യ വിത്തുകളാണ് നിക്ഷേപിക്കുന്നത്. 8 മുതൽ 10 ഗ്രാം വരെ വളർച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top