പെരിയ
ഇഷ്ടമുള്ള കോഴ്സ് ലഭിക്കാത്തതിനാൽ തുടർ പഠനം ഉപേക്ഷിച്ച പതിനേഴുകാരന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കി പിങ്ക് പൊലീസ്. പെരിയ രാരപ്പനടുക്കത്തെ സൂരജിനാണ് ബേക്കൽ സബ് ഡിവിഷനിലെ പിങ്ക് പൊലീസ് തുണയായത്. സൂരജിന് മുന്നാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പോളിടെക്നിക്കിൽ ചേരാനായിരുന്നു അവന് താൽപര്യം. പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷന് ഹാജരാകാൻ വരുമാന, ജാതി സർട്ടിഫിക്കറ്റുകൾ ആവശ്യമായി വന്നു. ഇതിനായി വില്ലേജ് ഓഫീസിൽ ചെന്നെങ്കിലും പട്ടികവർഗവിഭാഗക്കാരനാണെന്ന സർട്ടിഫിക്കറ്റ് നൽകാൻ സാങ്കേതിക തടസമുണ്ടെന്നും ഊരു മൂപ്പന്റെയും സാക്ഷികളുടെയും സത്യവാങ്മൂലം വേണമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. ഇതിനിടെ ഗൃഹസന്ദർശനത്തിനെത്തിയ പിങ്ക് പൊലീസ് തുടർ പഠനത്തിന് പോകാതെ വീട്ടിൽ കഴിയുന്ന സൂരജിനെ കണ്ടു. കാരണമന്വേഷിച്ചപ്പോൾ സർട്ടിഫിക്കറ്റ് സംബന്ധമായ പ്രശ്നമുണ്ടെന്ന് വ്യക്തമായി. പിങ്ക് പൊലീസ് ഇടപെടലിനെ തുടർന്ന് സത്യവാങ്മൂലം ലഭിക്കുകയും അന്നുതന്നെ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് രേഖകൾ കൈമാറുകയും ചെയ്തു. തുടർന്ന് സൂരജിന് സർട്ടിഫിക്കറ്റ് ലഭിച്ചു. പോളിയിൽ സ്പോട്ട് അഡ്മിഷന് അപേക്ഷിക്കുന്നതിനും പ്രിൻസിപ്പലിനെ കണ്ട് കാര്യം വിശദീകരിക്കുന്നതിനും പിങ്ക് പൊലീസ് സഹായിച്ചു. സൂരജ് ആഗ്രഹിച്ച ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സാണ് ലഭിച്ചത്. പിങ്ക് പൊലീസ് എഎസ്ഐമാരായ ടി വി സജിത, എ സീമ, സിവിൽ പൊലീസ് ഓഫീസർമാരായ സി പി കെ പ്രസീത, കെ രാജലക്ഷ്മി, കെ സൗമ്യ, കെ അനില എന്നിവരാണ് സൂരജിന്റെ പ്രശ്നത്തിന് പരിഹാരം കാണാൻ മുൻകൈയെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..