വാടാനപ്പള്ളി
നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും വയറിങ്, പ്ലംബ്ബിങ് മെറ്റീരിയലുകൾ, സ്വിച്ച് ബോർഡുകൾ, കോപ്പർ തുടങ്ങിയവ മോഷ്ടിക്കുന്നതിനിടെ രണ്ടുപേര്‍ പൊലീസ് പിടിയിലായി. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷെബീർ (45), മണലൂർ സ്വദേശി ചിറയത്ത് വീട്ടിൽ പ്രവീൺ (46) എന്നിവരെയാണ് മോഷണമുതൽ സഹിതം വാടാനപ്പള്ളി പൊലീസ് പിടികൂടിയത്.
തളിക്കുളം സെന്ററിന് കിഴക്ക് ഭാഗത്തായി നിർമാണത്തിലിരിക്കുന്ന പതിയാപറമ്പത്ത് അഷറഫിന്റെ വീട്ടിലാണ് മോഷണം. ചൊവ്വ വൈകിട്ട് നാലിന് മോഷണത്തിനായി പ്രതികൾ വീട്ടിൽ കയറിയ വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി ഇൻസ്പെക്ടർ ബി എസ് ബിനു, എസ്ഐമാരായ സദാശിവൻ, മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ ജ്യോതിഷ്, സുനീഷ്, അരുൺ എന്നിവർ ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിലപിടിപ്പുള്ള ധാരാളം വയറിങ്, പ്ലംബ്ബിങ്, മെറ്റീരിയൽസ് പ്രതികൾ ഇവിടെ നിന്ന് മോഷ്ടിച്ച് വിറ്റതായി പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥൻ അഷറഫും കുടുംബവും തൃശൂർ ശോഭ സിറ്റിയിലാണ് താമസം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..