03 November Sunday
സ്‌ത്രീകൾക്ക്‌ കൗണ്‍സലിങ്‌

തദ്ദേശ തലത്തിൽ സ്ഥിരം സംവിധാനം വേണം: പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
ആലപ്പുഴ
സ്‌ത്രീകൾക്കുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനും പരിഹരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരം സംവിധാനം ആവശ്യമാണെന്ന്‌ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. ജില്ല പഞ്ചായത്ത് ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. 
കുടുംബ പ്രശ്‌നങ്ങളാണ്‌ അദാലത്തിൽ ഏറെയും വന്നത്‌. കുടുംബപ്രശ്‌നങ്ങൾ സ്‌ത്രീകളെ വിഷാദരോഗത്തിലെത്തിക്കുന്നുവെന്ന പരാതികളും ലഭിച്ചു. ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യകാര്യങ്ങളിലും സ്ത്രീകൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കമീഷൻ നിർദേശിച്ചു. വിവാഹത്തിനു മുമ്പ് വധൂവരൻമാർക്ക് വിവാഹപൂർവ കൗൺസലിങ്‌ നിർബന്ധമാക്കണമെന്ന് പി സതീദേവി പറഞ്ഞു. വിവാഹപൂർവ കൗൺസലിങ്‌ സർട്ടിഫിക്കറ്റ് വിവാഹം രജിസ്റ്റർ ചെയ്യാൻ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാരിന്‌ ശുപാർശ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. 
വരുംദിവസങ്ങളിൽ കമീഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. കൗമാരക്കാർക്ക് ഉണർവ് എന്നപേരിൽ  ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.  സ്‌ത്രീകൾക്കായി പബ്ലിക് ഹിയറിങ്ങുമുണ്ടാകും. ആശ പ്രവർത്തകർക്കുള്ള പബ്ലിക് ഹിയറിങ്‌ ഞായറാഴ്ച ആലപ്പുഴ ജെൻഡർ പാർക്കിൽ നടക്കും. 
കമീഷൻ അംഗം വി ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകർ, കൗൺസിലർമാർ തുടങ്ങിയവർ അദാലത്തിൽ പരാതികൾ കേട്ടു. 80 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 22 കേസുകൾ തീർപ്പാക്കി. എട്ട് പരാതികളിൽ പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകൾ നിയമ സഹായത്തിനായി ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു. രണ്ട് കേസുകളിൽ വാർഡുതല ജാഗ്രത സമിതിയോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു. 43 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top