17 September Tuesday
എസ്‌ബിഐ കൊടുക്കാനുള്ളത്‌ 11.02 കോടി

കൊടിക്കുന്നിൽ സത്യം മറയ്‍ക്കുന്നു: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024
ആലപ്പുഴ
നെല്ലുവിലയിനത്തിൽ  കർഷകരുടെ 11.02കോടി രൂപ എസ്‌ബിഐ തടഞ്ഞുവച്ചിട്ടും അതിനെതിരെ പ്രതികരിക്കാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന കൊടിക്കുന്നിൽ സുരേഷ്‌ എംപിയുടെ നിലപാട്‌ കർഷകരെ തെറ്റിദ്ധരിപ്പിക്കാനെന്ന്‌ കേരള കർഷകസംഘം ജില്ലാകമ്മിറ്റി. കേരളത്തിന് നെല്ലുവിലയിനത്തിൽ 600 കോടിയലധികം രൂപ കേന്ദ്രസർക്കാർ നൽകാനുള്ളപ്പോഴും ജില്ലയിൽ ഇനിയും വിതരണം ചെയ്യപ്പെടേണ്ടത് 11.02 കോടി രൂപയാണ്. അത് എസ്‌ബിഐ മുഖാന്തിരം നൽകേണ്ടതാണ്. ജില്ലയിൽ ഈ സീസണിൽ 30889 കർഷകരിൽനിന്നും 122828 മെട്രിക്‌ ടൺ നെല്ലാണ് സംഭരിച്ചത്. ഈയിനത്തിൽ കർഷകർക്ക് ആകെ ലഭിക്കേണ്ടത് 345.85 കോടി രൂപയാണ്. 
പിആർഎസ് വായ്പയായി നൽകുന്നതിനായിഎസ്‌ബിഐക്ക്‌ 16090 കർഷകരുടെ ലിസ്റ്റ് സപ്ലൈക്കോ നൽകിയിട്ടുണ്ട്‌. 168.66 കോടി രൂപയാണ്‌ നൽകേണ്ടത്. എന്നാൽ എസ്‌ബിഐ അവരുടെ അലോട്ട്മെന്റ്‌  പരിധിയിലധികമായെന്ന് പറഞ്ഞു സപ്ലൈകോ നൽകിയ അവസാന ലിസ്റ്റ് പിടിച്ചുവയ്ക്കുകയാണുണ്ടായത്. 
കേന്ദ്രം നെല്ലുവിലനൽകാത്തപ്പോഴും കർഷകരുടെ പ്രയാസം മനസ്സിലാക്കി എല്ലാ സാമ്പത്തിക ഞെരുക്കങ്ങൾക്ക് നടുവിലും കർഷകരുടെ നെല്ലുവില രാജ്യത്തുതന്നെ ഏറ്റവും കൂടിയനിരക്കിൽ സംസ്ഥാന സബ്സിഡിയോടുകൂടി  കൊടുത്തുതീർക്കാൻ നടപടിയെടുക്കുന്ന കേരള സർക്കാരിനെ, കണക്കുകൊടുക്കാത്തതു കൊണ്ടാണ് നെല്ലു വിലനൽകാത്തതെന്ന വ്യാജ പ്രസ്താവനയുമായി വിമർശിക്കുന്ന കൊടിക്കുന്നിൽ സത്യം മനപ്പൂർവം മറച്ചുവയ്ക്കുകയാണ്‌. കൊടിക്കുന്നിലിന്റെ പാർട്ടി കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുമ്പോൾ നെല്ല് സംഭരണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. 
അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ അംഗവും ദീർഘകാലം കുട്ടനാടും അപ്പർകുട്ടനാടും ഉൾപ്പെടെയുള്ള പ്രദേശത്തെ എംപിയായിരുന്നിട്ടും കർഷകർക്ക് വേണ്ടി എന്തുചെയ്തുവെന്നു പറയാൻ തയ്യാറാകണം. നെല്ല്സംഭരണത്തിലും നെല്ലുവിലനൽകുന്നതിലും സപ്ലൈകോമേധാവികൾ കുറെകൂടിജാഗ്രതയും ഉത്തരവാദിത്വവും നിർവഹിക്കണം. നെല്ലു വില നൽകുന്നതിലെ മെല്ലേപോക്ക് അവസാനിപ്പിച്ച്‌ ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കർഷകരുടേയും നെല്ലു വില നൽകാൻ തയ്യാറായില്ലെങ്കിൽ എസ്‌ബിഐ  ബാങ്കുകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭം സംഘടിപ്പിക്കാൻ കർഷകസംഘം നിർബന്ധിതമാകുമെന്നും കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിലൂടെ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top