കാസർകോട്
ഓണമെത്തിയിട്ടും മിനിമം ബോണസ് നൽകാത്തതിൽ പ്രതിഷേധിച്ച് ഷോപസ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയിസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ചെറുവത്തൂർ ജെകെ ബാറിലെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ബോണസ് ആവശ്യപ്പെട്ട് മാനേജ്മെന്റുമായി യൂണിയൻ ചർച്ച നടത്തിയെങ്കിലും മിനിമം ബോണസ് പോലും നൽകാൻ തയ്യാറായില്ല. എല്ലാ തൊഴിലാളികൾക്കും മിനിമം ബോണസ് നൽകണമെന്ന് സംസ്ഥാന സർക്കാർ നിർദേശമുണ്ടായിട്ടും നൽകാത്തത് ധിക്കാര സമീപനമാണ്. മാനേജ്‌മെന്റുമായി ചർച്ച നടത്തി അനുകൂല സമീപനം ഇല്ലാത്തിനെ തുടർന്ന് ജില്ലാ ലേബർ ഓഫീസിൽ നടന്ന ചർച്ചയിൽ മിനിമം ബോണസ്സായ 8.33 ശതമാനം നൽകാൻ ലേബർ ഓഫീസർ നിർദേശം നൽകി. എന്നാൽ മാനേജ്മെന്റ് നിലപാടിൽ മാറ്റമുണ്ടായില്ല.
ഈ മേഖലയിൽ സർക്കാർ നിശ്ചയിച്ച മിനിമം വേതനംപോലും ജെകെ ബാർ മാനേജ്മെന്റ് തൊഴിലാളികൾക്ക് നൽകുന്നില്ല. തുച്ഛ ശമ്പളത്തിനാണ് ഇവിടെ ജോലിയെടുക്കുന്നത്.
തിരുവോണ ദിവസം പൊതുഅവധിയാണെങ്കിലും തൊഴിലാളികൾ നിർബന്ധിത ഡ്യൂട്ടിക്ക് ഹാജരാകേണ്ട അവസ്ഥയാണ്. അടിയന്തരമായി മിനിമം ബോണസ്സെങ്കിലും നൽകിയില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..