05 December Thursday
മാലിന്യമുക്ത കെഎസ്‌ആർടിസി ഡിപ്പോ

സുന്ദരമാകാൻ 
മുമ്പേ നടന്ന്‌ ആലപ്പുഴ

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2024

മാലിന്യമുക്ത കെഎസ്‌ആർടിസി കാമ്പയിനില്‍ ആലപ്പുഴ ഡിപ്പോ പരിസരത്തെ വ്യാപാരികൾക്ക്‌ കെഎസ്‌ആർടിസി ജീവനക്കാർ ബോധവൽക്കരണം നൽകുന്നു

ആലപ്പുഴ
മൊബിലിറ്റി ഹബ്ബ്‌ വരുംമുമ്പേ വെടിപ്പാകാൻ ഒരുങ്ങുകയാണ്‌ ആലപ്പുഴ കെഎസ്‌ആർടി ഡിപ്പോ . സർക്കാരിന്റെ മാലിന്യമുക്ത നവകേരളം 2.0യോട്‌ ചേർന്നാണ്‌ ആലപ്പുഴ ഡിപ്പോ അടിമുടി മാറി സുന്ദരമാകുന്നത്‌. സമ്പൂർണ മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യത്തിനായി എല്ലാ മേഖലയിലും ഇടപെടൽ എന്ന ആശയം സംസ്ഥാനത്ത്‌ ആദ്യമായി കെഎസ്‌ആർടിസിയിൽ ഏറ്റെടുക്കുന്നത്‌ ആലപ്പുഴ ഡിപ്പോയാണ്‌. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണത്തിനൊപ്പം പ്രതിദിനം ലക്ഷക്കണക്കിന്‌ ആളുകൾ ആശ്രയിക്കുന്ന കെഎസ്‌ആർടിസിയെ ശുചിത്വ സന്ദേശ പ്രചാരണത്തിന്‌ ഉപയോഗിക്കുകയാണ്‌ പദ്ധതിയിലൂടെ. ആലോചന യോഗങ്ങൾക്ക്‌ ശേഷം ഡിപ്പോ തയ്യാറാക്കിയ വിശദപദ്ധതിരേഖ കോർപറേഷൻ അംഗീകരിച്ചു. ആലപ്പുഴ മോഡൽ പിന്നീട് സംസ്ഥാനത്തെ മറ്റ്‌ ഡിപ്പോകളിൽ നടപ്പാക്കും. സംസ്ഥാന സർക്കാരിന്റെയും ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകളും ആവശ്യമെങ്കിൽ സ്‌പോൺസർമാരുടെ സഹായവും തേടും. 
    ജില്ലാ പഞ്ചായത്ത്, നഗരസഭ, ശുചിത്വമിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐആർടിസി) സാങ്കേതിക സഹായംനൽകും. 
മാലിന്യമുക്ത നവകേരളം 2.0 അവസാനിക്കുന്ന അടുത്ത മാർച്ച് 30ന്‌ ഡിപ്പോയും പരിസരവും മാലിന്യമുക്തമാക്കുകയാണ്‌ കാമ്പയിനിൽ. ആദ്യഘട്ടമായി നിലവിലുള്ള മാലിന്യങ്ങൾ ഉടൻ നീക്കി സൗന്ദര്യവൽക്കരിക്കും. ഒക്ടോബർ രണ്ടിന്‌ മെഗാക്ലീനിങ് നടത്തും. യുവജനസംഘടനകൾ, എൻഎസ്എസ് യൂണിറ്റുകൾ, ജീവനക്കാർ എന്നിവർ പങ്കാളികളാകും. സ്റ്റാൻഡിലും പരിസരങ്ങളിലും നഗരസഭയുടെ സഹകരണത്തോടെ മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് നിക്ഷേപിക്കാൻ ആവശ്യമായ ബിന്നുകൾ സ്ഥാപിക്കും. ബസിനുള്ളിലും ബിന്നുകൾ കൊണ്ടുവരും. സ്റ്റാൻഡ്‌ കെട്ടിടം പെയിന്റടിച്ച്‌ ശുചിത്വസന്ദേശ ചിത്രങ്ങൾ വരയ്ക്കും. വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഓട നിർമിക്കും. യാത്രക്കാരെയും വ്യാപാരികളെയും ബോധവൽക്കരിക്കും. ഇതിനായി ശുചിത്വ മിഷന്റെയും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹായം തേടും. പുതിയ ഹബ്ബിന്റെ നിർമാണം മാലിന്യനിർമാർജനത്തെ ബാധിക്കാതെ നടപ്പാക്കും. പുറംമതിൽ നിർമിച്ച് സിസിടിവി, പേയ്‌ഡ്‌ പാർക്കിങ് സംവിധാനവും വരും. അഡിമിനിസ്ട്രേറ്റീവ് ഓഫീസർ വൈ ജയകുമാരി, എടിഒ എ അജിത്ത്‌, സൂപ്രണ്ട് പി മഞ്ജുള, കാമ്പയിൻ കോ–-ഓർഡിറ്റേർ ആർ രഞ്ജിത്ത്‌ എന്നിവരാണ്‌ നേതൃത്വം നൽകുന്നത്‌. 
മാറ്റം ഓഫീസിനും 
ഹരിതചട്ടം പാലിക്കാൻ- ഓഫീസിലും ക്രമീകരണം നടത്തും. ജീവനക്കാരുടെ കുടിവെള്ളം, ഭക്ഷണം എന്നിവ സ്റ്റീൽ പാത്രങ്ങളിലാക്കും. ട്രേഡ് യൂണിയനുകളുടെ അറിയിപ്പുകൾ ഡിജിറ്റൽ ബോർഡിലാക്കും. ജൈവമാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തും. ശുചിമുറി നവീകരിക്കും. നിലവിലുള്ള ഡോർമെട്രികൾ പ്രവർത്തനക്ഷമമാക്കും. ഗാരേജ് നവീകരണത്തിന്റെ ഭാഗമായി റീജണൽ വർക്ക്ഷോപ്പിലേക്ക് ആക്രി നീക്കും. 
വിജിലന്റാകാൻ വിജിലൻസ്‌
ബസ് സ്റ്റാൻഡിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് വിജിലൻസ് സ്ക്വാഡിനെ രൂപീകരിക്കും. ജീവനക്കാരിൽനിന്ന്‌ പ്രത്യേക സംഘങ്ങളുണ്ടാക്കിയാകും വിവിധ ഷിഫ്‌റ്റുകളിലായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്‌ക്വാഡുകൾ. സ്റ്റാൻഡിലും പരിസരത്തും മാലിന്യം തള്ളുന്നവരെ കണ്ടെത്തി ബോധവൽക്കരിക്കുകയാണ്‌ സ്‌ക്വാഡിന്റെ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top