22 December Sunday

ഉപജീവന സഹായം നീട്ടാൻ കേന്ദ്രം അനുമതി നൽകണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
കൽപ്പറ്റ
മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതർക്ക്‌ ഉപജീവനമാർഗമായി ദിവസം 300 രൂപവീതം നൽകുന്നത്‌ രണ്ടുമാസത്തേക്കുകൂടി നീട്ടാൻ കേന്ദ്രസർക്കാർ അനുവാദം നൽകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ഇതിനകം  സംസ്ഥാന സർക്കാർ 1694 പേർക്ക്‌ 30 ദിവസത്തേക്ക്‌ 300 രൂപവീതം നൽകി. 1.52 കോടി രൂപയാണ്‌ ഈ ഇനത്തിൽ വിനിയോഗിച്ചത്‌.
സംസ്ഥാന ദുരന്തനിവാരണ നിയമപ്രകാരം ഒരുമാസത്തേക്ക്‌ സഹായം നൽകാനേ സംസ്ഥാനത്തിന്‌ അധികാരമുള്ളൂ. മൂന്ന്‌ മാസത്തേക്ക്‌ ഈ സഹായം നൽകാൻ അനുവാദം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഇതുവരെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായി ദിവസങ്ങൾക്കുള്ളിൽ ഈ ആവശ്യം  ഉന്നയിച്ചതാണ്‌. കേന്ദ്രത്തിന്‌ നൽകിയ വിശദമായ നിവേദനത്തിലും മൂന്നുമാസത്തേക്ക്‌ ധനസഹായം നൽകാനുള്ള അനുവാദം സംസ്ഥാനം ചോദിച്ചിരുന്നു. എന്നാൽ ദുരന്തത്തിൽ ഇതുവരെ സഹായം നൽകാത്ത കേന്ദ്രം  സംസ്ഥാനം സ്വന്തം നിലയിൽ നൽകുന്ന സഹായത്തിനും അനുവാദം നൽകാതെ തടസ്സം നിൽക്കുന്നത്‌ ദൗർഭാഗ്യകരമാണ്‌. 
ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ എത്രയുംവേഗം പ്രത്യേകധനസഹായം അനുവദിക്കണം. സംസ്ഥാനം ഇതുവരെ 12 കോടിയോളം രൂപ ദുരന്തബാധിതർക്കായി നൽകി. മുഴുവൻ കുടുംബങ്ങളെയും താൽക്കാലികമായി പുനരധിവസിപ്പിച്ചു. സ്ഥിരം പുനരധിവാസത്തിനും ടൗൺഷിപ്പിനുമായുള്ള സ്ഥലങ്ങൾ നിർണയിച്ചു. ഇത്‌ എറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയും ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയുമാണ്‌. രക്ഷാപ്രവർത്തനങ്ങളിലും അതിജീവനപദ്ധതികളിലും മാതൃകാപരമായ നടപടികളാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചത്‌. മനുഷ്യസാധ്യമായതെല്ലാം ചെയ്‌തു. നാട്‌ ഒരുമിച്ചുനിന്നു. ഇതെല്ലാം തടസ്സപ്പെടുന്ന വിധമാണ്‌ കേന്ദ്രനിലപാടുകൾ.  അർഹതപ്പെട്ട കേന്ദ്രസഹായം നൽകണം.   ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാനത്തിന്‌ ആവശ്യമായ  അനുവാദം എത്രയും വേഗം  നൽകണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top