കൽപ്പറ്റ
ഇടവേളക്കുശേഷം കൃഷ്ണഗിരി സ്‌റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആരവത്തിലേക്ക്. അണ്ടർ 23 കേണൽ സി കെ നായിഡു ട്രോഫി ചതുർദിന മത്സരത്തിനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയം വേദിയാകുന്നത്. ഈ സീസണിൽ മൂന്ന് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. ആദ്യമത്സരം 20ന് കേരളവും ഉത്തരാഖണ്ഡും തമ്മിലാണ്. രണ്ടാം മത്സരത്തിൽ 27ന് കേരളം ഒഡിഷയെ നേരിടും. മൂന്നാം മത്സരത്തിൽ നവംബർ 15ന് കേരളം തമിഴ്‌നാടിനെ നേരിടും.
കഴിഞ്ഞ വർഷം അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിക്കുശേഷം കൃഷ്ണഗിരിയിൽ ഈ സീസണിൽ നടക്കുന്ന ആദ്യ മത്സരമാണ് സി കെ നായിഡു ട്രോഫി. അഭിഷേക് ജെ നായരുടെ നേതൃത്വത്തിലാണ് അണ്ടർ- 23 കേരള ടീം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് സജന സജീവനെയും മിന്നുമണിയെയും ഉൾപ്പെടെയുള്ള താരങ്ങളെ സംഭാവനചെയ്‌ത കൃഷ്‌ണഗിരിയിൽ വീണ്ടും കളിയാരവമെത്തുന്നത് ക്രിക്കറ്റ് പ്രേമികൾക്കാകെ ആവേശം പകരുന്നുണ്ട്. മുമ്പ് രഞ്‌ജി ട്രോഫിക്കും ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള ഇന്ത്യ എ മത്സരത്തിനുമെല്ലാം വേദിയായിട്ടുള്ള സ്‌റ്റേഡിയം ഇന്ത്യയിലെ രണ്ടാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ ഹൈ ആൾട്ടിറ്റ്യൂഡ് സ്‌റ്റേഡിയമാണ്.
കേരള ടീം: അഭിഷേക് ജെ നായർ(ക്യാപ്റ്റൻ), റിയ ബഷീർ, ആകർഷ് കെ കൃഷ്ണമൂർത്തി. വരുൺ നയനാർ, ഷോൺ റോജർ, ഗോവിന്ദ് ദേവ് പൈ, ആസിഫ് അലി, അഭിജിത്ത് പ്രവീൺ, എ ജിഷ്ണു, അഖിൽ സത്താർ, ഏഥൻ ആപ്പിൾ ടോം, പവൻ രാജ്, ജെ എസ് അനുരാജ്, കിരൺ സാഗർ. പരിശീലകർ: എസ് എസ് ഷൈൻ, -ഫ്രാൻസിസ് ടിജു,
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..